കുരുന്നുകളോടുള്ള ക്രൂരത വര്‍ദ്ദിക്കുന്ന ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’

ആദ്യാക്ഷരം പകര്‍ന്നു കൊടുത്ത് നന്‍മയിലേയ്ക്ക് വഴി കാട്ടുന്ന അച്ഛനും, ഗുരുവും, മുലപ്പാലിനൊപ്പം സ്നേഹവും പകര്‍ന്നു നല്‍കി ഉന്നതങ്ങളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്ന അമ്മയും ഓര്‍മ്മയാകുന്നുവോ? കേരളത്തില്‍ കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ മനസാക്ഷിയുളള ആരെയും ഞെട്ടിക്കുന്നതാണ്. സ്വന്തം മക്കളെ മൃഗീയമായി തല്ലി കൊല്ലുകയും സ്വന്തം മകളുടെ ശരീരം പകുത്തെടുക്കുകയും ചെയ്യുന്ന നരാധമന്‍മാരുടെ നാടായി കേരളം മാറിയിരിക്കുന്നു.

സ്വന്തം കുഞ്ഞുങ്ങളോട് പോലും കരുണ കാണിക്കാത്ത ഒരു സമൂഹം നമ്മുടെ ഇടയില്‍ വളര്‍ന്നു വരുന്നത് ഒട്ടും ആശ്വാസകരമല്ല. പണം മോഷ്ടിച്ചു എന്നാരോപിച്ചു തൊടുപുഴയില്‍ സ്വന്തം പിതാവ് ചട്ടുകം വച്ച് പൊളിച്ച കുഞ്ഞ്. ഓട്ടോറിഷ പുഴയിലേയക്ക് മറിച്ചിട്ട് ഒരു വയസ്സുകാരനെ കൊലപ്പെടുത്തിയ കണ്ണൂര്‍ തില്ലങ്കേരിയിലെ പിതാവ്. പതിനാലു വയസ്സു മുതല്‍ സ്വന്തം പെണ്‍കുഞ്ഞിനെ അനുഭവിക്കുകയും മറ്റുളളവര്‍ക്ക് കാഴ്ച വയക്കുകയും ചെയ്ത ആലങ്കോട്ടെ അച്ഛന്‍. നെടുമങ്ങാട് മദ്യലഹരിയില്‍ സ്വന്തം മകളുടെ കൈ തല്ലിയൊടിച്ച മറ്റൊരാള്‍. സ്വന്തം മക്കളോട് മാതാപിതാക്കന്‍മാര്‍ കാണിച്ച ക്രൂരതയുടെ പത്രവാര്‍ത്തകളാണ് ഇവയെല്ലാം. ഒന്നെയുളളു അതിനെ ഒലക്കയക്ക് അടിച്ചു വളര്‍ത്തണം എന്ന സംസ്‌കാരമായിരുന്നു പണ്ട് ഉണ്ടായിരുന്നുവെങ്കില്‍ ഉളളതിനെ ഉലയക്ക് അടിച്ചു കൊല്ലുന്ന സംസ്‌കാരമായി രൂപമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ വിരലില്‍ എണ്ണാവുന്നത് മാത്രമായിരുന്നുവെങ്കില്‍ എണ്ണത്തിനും സ്വഭാവത്തിനും ക്രമാതീതമായ മാറ്റം സംഭവിച്ചിരിക്കുന്നു.

കൈപിടിക്കണ്ടവര്‍ തന്നെ കുരുന്നു ജീവനെടുക്കുന്ന മനസാക്ഷിയില്ലാത്ത കാഴ്ച ദൈവത്തിന്റെ നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തില്‍ കൂടിവരികയാണ്. എല്ലാ ദിവസം തന്നെ കുരുന്നുകളോടുള്ള ക്രൂരത പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു വാക്കു പോലും പുറത്തു പറയാനാകാതെ ആരും സഹായത്തിന് ഇല്ലാതെ ശാരീരകവും മാനസികവുമായ വിഷമതകള്‍ സ്വന്തം മാതാപിതാക്കന്‍മാരില്‍ നിന്ന് അനുഭവിക്കുന്ന ഒരുപാട് കുഞ്ഞുങ്ങള്‍.

ഇനിയും ഒരു കുഞ്ഞിന്റെയും കണ്ണുനീര്‍ നമ്മുടെ നാട്ടില്‍ വീഴരുത്. സര്‍ക്കാരിനും പോലീസിനും ചൈല്‍ഡ് വെല്‍ഫയര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സാധാരണക്കാരായ നമുക്കും ഈ അക്രമത്തിനെതിരെ പ്രതികരിക്കാന്‍ സാധിക്കണം.ഒന്ന് വീണ് കാലു മുറിഞ്ഞാല്‍ അമ്മേ എന്ന് നിലവിളിച്ച് നാമോക്കെ ഓടിയെത്തുക അമ്മയുടെ അരികിലാണ്. സ്വാന്തനം നല്‍കേണ്ട അമ്മ തന്നെ മുറിവേല്‍പ്പിക്കുമ്പോള്‍ നിസഹായകരായ കുരുന്നു മക്കള്‍ എന്തു ചെയ്യാന്‍. സ്വന്തം മക്കളെ കൊന്നു തിന്നുന്ന വര്‍ത്തമാന സമൂഹത്തില്‍ ഖലില്‍ ജിബ്രാന്റെ വാക്കുകള്‍ക്ക് ഇന്നും മൂര്‍ച്ചയുണ്ട്. ഇനിയൊരു കുഞ്ഞും വിവസ്ത്രയായി കൂടാ, ഇനിയൊരു കുഞ്ഞും മുറിവേറ്റു കൂടാ.

‘നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, ജീവിതത്തിന്, സ്വന്തം നില്‍നില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന് ജനിച്ച കുട്ടികളാണവര്‍. നിങ്ങളിലൂടെയെങ്കിലും അവര്‍ വരുന്നത് നിങ്ങളില്‍ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവര്‍ നിങ്ങള്‍ക്ക് സ്വന്തമേയല്ല. അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്‍കാം; പക്ഷേ നിങ്ങളുടെ ചിന്തകള്‍ അരുത്, എന്തെന്നാല്‍ അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്. അവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീടുകളൊരുക്കാം. പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങള്‍ക്ക് കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാല്‍ നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്. അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാന്‍ ആഗ്രഹിക്കരുത്. എന്തെന്നാല്‍ ജീവിതം ഒരിക്കലും പുറകിലേക്ക് പറക്കുന്നില്ല.'(ഖലീല്‍ ജിബ്രാന്‍)