ലോ അക്കാദമിക്ക് പിന്നാലെ അമല്‍ജ്യോതി സ്വാശ്രയ മാനേജുമെന്റിനെ സഹായിക്കാന്‍ സമരനാടകവുമായി എസ് എഫ് ഐ

ലോ അക്കാദമി സമരത്തില്‍ സമരം ചെയ്തു വന്ന വിദ്യാര്‍ത്ഥികളെ ഒന്നടങ്കം വഞ്ചിച്ച് മറുകണ്ടം ചാടിയ എസ് എഫ് ഐ , സമാനസമരമുറയുമായി കാഞ്ഞിരംപള്ളി അമല്‍ജ്യോതി എന്ജിനിയറിങ് കോളേജിലും. മാനേജ്മെന്റ് ഗുണ്ടായിസത്തിനും , വിദ്യാര്‍ത്ഥികളോടുള്ള ക്രൂരമായ സമീപനത്തിലും പ്രതിഷേധിചാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. കോളേജില്‍ വരുന്ന കുട്ടികള്‍ മുടി വളര്‍ത്തരുത്, താടിവെക്കരുത്, എന്നിങ്ങനെയുള്ള കാടന്‍ നിയമങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്‌ അവിടുത്തെ നിയമാവലി. അതുപോലെ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ട മാത്യു ഏലിയാസ് എന്ന വിദ്യര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ കോളേജില്‍നിന്ന് ഡിസ്മിസ് ചെയ്തതാണ് ഇപ്പോഴുള്ള സമരങ്ങള്‍ക്ക് കാരണമായത്. കൂടാതെ പോസ്റ്റ്‌ ഇട്ട വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തിയ ശേഷം മകനെ നേരെ വളര്‍ത്തിയില്ല എങ്കില്‍ അവന്‍റെ ശവം കാണേണ്ടിവരും എന്ന് കോളേജ് അധികൃതര്‍ ഭീഷണിമുഴക്കുകയും ചെയ്തു.

തുടര്‍ന്ന്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരത്തിലാണ് എസ് എഫ് ഐ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടാതെ തന്നെ സമരത്തില്‍ പങ്കുചേര്‍ന്ന എസ് എഫ് ഐ ലോക്കല്‍ കമ്മിറ്റി. വിദ്യാര്‍ത്ഥികളോട് ഒരു വാക്ക് പോലും പറയാതെ ലോ അക്കാദമി സമരത്തില്‍ സ്വീകരിച്ചത് പോലെ നേരിട്ട് മാനേജ്മെന്റ്മായി ചര്‍ച്ച നടത്തുകയായിരുന്നു. ചര്‍ച്ച കഴിഞ്ഞു പുറത്തു വന്ന എസ് എഫ് ഐ നേതാക്കള്‍ വിദ്യാര്‍ത്ഥികളോട് പിരിഞ്ഞുപോകണം എന്നും , കോളേജ് മാനേജ്മെന്റ്നു രണ്ടു ദിവസത്തെ സമയം അനുവദിക്കാനും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തങ്ങളുടെ അനുവാദം ഇല്ലാതെ മാനേജ്മെന്റ് ആവശ്യങ്ങള്‍ അംഗീകരിച്ച എസ് എഫ് ഐക്കാര്‍ക്ക് നേരെ വിദ്യാര്‍ഥികള്‍ തിരിയുകയും തുടര്‍ന്ന്‍ രണ്ടു വിദ്യാര്‍ത്ഥി പ്രതിനിധികളെ കൂടെ കൂട്ടി വീണ്ടും ചര്‍ച്ച നടത്തുകയുമായിരുന്നു. സമരം പിന്‍വലിക്കുക മൂന്ന് ദിവസത്തിനകം ഉചിതമായ തീരുമാനം എടുക്കാം എന്നാണു മാനേജ്മെന്റ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ സമരം പൊളിക്കുവാനുള്ള മാനേജ്മെന്റ് തന്ത്രമാണ് ഇതെന്നും ഇതിനു എസ് എഫ് ഐ കൂട്ട് നില്‍ക്കുകയാണ് എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതേ മാര്‍ഗം സ്വീകരിച്ചാണ് എസ് എഫ് ഐ തിരുവനന്തപുരത്തു നടന്നുവന്ന ലോ അക്കാദമി സമരം കുളമാക്കിയതും സമരത്തില്‍ നിന്നും പിന്മാറിയതും. ഈ അനുഭവം ഉള്ളത് കൊണ്ട് വരും ദിനങ്ങളില്‍ സമരത്തില്‍ എസ് എഫ് ഐയെ പങ്കെടുപ്പിക്കണ്ട എന്നാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.