ശബരിമല വിമാനത്താവളത്തിനു മന്ത്രിസഭാ അംഗീകാരം

ശബരിമലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാര്‍ അംഗീകാരമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക് നിലവില്‍ റോഡുഗതാഗതമാര്‍ഗ്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍/ തിരുവല്ല റയില്‍വേസ്റ്റേഷനുകളില്‍ നിന്നും റോഡുമാര്‍ഗ്ഗമോ, എം.സി. റോഡ്/ എന്‍.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം. അങ്കമാലി-ശബരി റയില്‍പാത നിര്‍മ്മാണം സര്‍ക്കാരിന്‍റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്‍റെ ലഭ്യത, കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ട്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇതു സഹായകരമാകും. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.