‘മകളാണെന്ന് മറക്കുന്നു’…, പീഡകര്‍ക്ക് കുട പിടിക്കുന്നവര്‍


കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കുഞ്ഞിന്റെ അച്ഛനായി മാറിയ വൈദീകന്‍. വയനാട്ടില്‍ യത്തീംഖാനയിലെ അന്തേവാസികളെ പീഡിപ്പിച്ച ആറ് പേര്‍ അറസ്റ്റില്‍. വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ സംഭവം. നടിയെ പീഡനത്തിനിരയാക്കിയ പള്‍സര്‍…

മലപ്പുറത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ച 66 കാരന്‍ അറസ്റ്റില്‍. ഒടുവില്‍ വയനാട്ടില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി പ്രസവിച്ച കുഞ്ഞിനെ കോഴിക്കോട്ടെ കോണ്‍വെന്റിലെത്തിച്ച തലയൂരി ഒടുവില്‍ പിടിയിലായ കെ.സി.വൈ.എം നേതാവ്…

സൂര്യനെല്ലിയും പറവൂരും കവിയൂരും കിളിരൂറും. സ്ഥലനാമങ്ങള്‍ മാത്രമേ മാറുന്നുള്ളു. പെണ്‍കുട്ടികള്‍ക്കെതിരായ പീഡനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള പാച്ചിലിലാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. മകളാണെന്നത് മറന്നു പോകുന്നവര്‍. പോലിസും ഭരണകൂടവും പീഡകരുടെ സംരക്ഷകരാകുന്നു. കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ നോക്കുത്തികളാകുന്നു.

ഓരോ ദിവസവും പുതിയ പുതിയ വാര്‍ത്തകള്‍ പുറത്തേക്ക് വരികയാണ്. കേസുകള്‍ അ്ട്ടിമറിച്ച് പോലിസ് പ്രതിക്കൂട്ടിലാകുന്നു. കേരളം ഭ്രാന്താലയമാകുമ്പോള്‍ ഭരണം നടത്തുന്ന പോലിസ് മന്ത്രി കാക്കിയിട്ടവരെ ന്യായീകരിക്കുന്നു. പ്രതിപക്ഷമാവട്ടെ ഉറക്കത്തിലും. ബാലപീഡകര്‍ക്ക് സംരക്ഷണം ഒരുക്കുന്ന പോലിസും ഭരണകൂടവും മലയാളിയുടെ മാനം കെടുത്തുകയാണ്.

എന്ത് കുറ്റകൃത്യം നടത്തിയാലും സംരക്ഷിക്കാന്‍ ആളുണ്ട് എന്നതാണ് പീഡകര്‍ക്ക് വളം വെച്ചു കൊടുക്കുന്നത്. പോലിസിനെ നിയന്ത്രിക്കുന്നവര്‍ കൊടിയുടെ നിറം പോലും നോക്കാറില്ല പീഡകര്‍ക്ക് സംരക്ഷണം നല്‍കാന്‍. അവിടെ ഭരണരാഷ്ട്രീയ വ്യത്യാസമില്ല. കെട്ടിയൂരിനെയും കല്‍പറ്റയെയും കുറിച്ച് മിണ്ടാന്‍ ഭരണപ്രതിപക്ഷം ഭയപ്പെടുന്നു.

സമുദായത്തിന്റെ മേലങ്കി പട്ടം അണിഞ്ഞവര്‍ പീഡകര്‍ക്ക് ചൂട്ടുകത്തിക്കാന്‍ നില്‍ക്കുമ്പോള്‍ വോട്ടു ബാങ്കിനെ പേടിച്ച് ഭരണപ്രതിപക്ഷത്തിന്റെ മിണ്ടാട്ടം മുട്ടുന്നു. കക്ഷിരാഷ്ട്രീയവും മതരാഷ്ട്രീയവും കുട പിടിക്കാനുള്ളപ്പോള്‍ പീഡകര്‍ നാട്ടിലിറങ്ങി വിലസും. നിയമവും നിയമപാലകരും കണ്ണടയ്ക്കുമ്പോള്‍ മകളാണെന്ന് മറക്കുന്ന നരാധമന്‍മാരെ നേരിടാന്‍ സമൂഹത്തിന് തെരുവിലിറങ്ങേണ്ടി വരുമോ?. ഇത്തരത്തിലാണ് നിയമപാലകരുടെയും ഭരണകൂടത്തിന്റെയും പോക്കെങ്കില്‍ അത് സംഭവിച്ചേക്കാം…