സ്വര്‍ണ്ണഖനി തേടി കുരങ്ങുദൈവത്തിന്റെ കോട്ടയിലേക്കു പോയവര്‍ക്ക് എന്തു സംഭവിച്ചു?


ലോകത്തിലെ മികച്ച സാഹസിക സഞ്ചാര എഴുത്തകാരില്‍ ഒരാളാണ് ഡഗ്ലസ് പ്രെസ്റ്റണ്‍. തെക്കെ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ കൊടുംകാടിനുള്ളിലെ കുരങ്ങന്‍ രാജാവിന്റെ കോട്ട തേടി പോയ ഡഗ്ലസ് പ്രെസ്റ്റണെ പക്ഷെ കാത്തിരുന്നത് ഭീതിജനകമായ അനുഭവമായിരുന്നു. കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും ഡഗ്ലസിനെയും കൂട്ടരെയും കാത്തിരുന്നത് മാരക രോഗമാണ്. ശരീരത്തിലെ മാംസം കാര്‍ന്നു തിന്നുന്ന ബാക്ടീരികള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ രോഗാവസ്ഥ.

അറുന്നൂറ് വര്‍ഷം മുന്‍പ് വരെ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന സമ്പന്നമായ സംസ്‌കാരത്തിന്റെ ഉറവിടം തേടിയാണ് ഹോണ്ടുറാസിലെ നിത്യഹരിത വനമേഖലയിലേക്ക് ഡഗ്ലസും സംഘവും പോയത്. ഹോണ്ടുറാസ് സൈന്യമാണ് ഇവര്‍ക്ക് സുരക്ഷക്കായി കൂടെ പോയത്. കുരങ്ങന്‍ രാജാവിന്റെ കൊട്ടാരമെന്നു പ്രദേശവാസികള്‍ വിളിക്കുന്ന കോട്ട തേടിയായിരുന്നു യാത്ര. മൊസ്‌ക്യുഷ്യാ മഴകാട്ടിലൂടെ 7 ദിവസത്തെ യാത്രയ്ക്കു ശേഷമാണ് കോട്ട നിലനിന്നിരുന്ന പ്രദേശത്തു സംഘമെത്തിയത്.

തുടക്കത്തില്‍ തന്നെ പഴയ പാത്രങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ സംഘം കണ്ടെത്തിയിരുന്നു. ഇത് നഗരത്തിന്റെ അവശിഷ്ടമാണെന്നും ഇവര്‍ മനസ്സിലാക്കി. സ്വര്‍ണ്ണഖനി ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന കോട്ടയും സമീപത്തു തന്നെ ഉണ്ടാകുമെന്ന് ഇവര്‍ ഉറപ്പിച്ചു. ഇതിനിടെയിലാണ് ചൊറിച്ചില്‍ പോലെ രോഗത്തിന്റെ ലക്ഷണങ്ങള്‍ സംഘാംഗങ്ങളില്‍ കണ്ടു തുടങ്ങിയത്. വൈകാതെ ചൊറിഞ്ഞു പൊട്ടിയ ഭാഗം വലുതാകുന്നതും മാംസം അഴിഞ്ഞു തുടങ്ങുന്നതും ഇവര്‍ ശ്രദ്ധിച്ചു.

ഇതോടെ പര്യടനം മതിയാക്കി സംഘം നാട്ടിലേക്കു മടങ്ങുകയായിരുന്നു. തിരികെ എത്തുമ്പോഴേക്കും മുറിവുകള്‍ വലുതായിരുന്നു. കാട്ടില്‍ വച്ചു കടിച്ച പ്രാണിയില്‍ നിന്നാണ് ഈ അസുഖം പകര്‍ന്നതെന്നാണ് ഇവരുടെ നിഗമനം. കുരങ്ങന്‍ രാജാവിന്റെ കോട്ടയെ സംരക്ഷിക്കുന്നത് ഈ അസുഖമാണെന്നാണ് പര്യടനത്തിനു ശേഷം തിരിച്ചെത്തിയ ഡഗ്ലസ് പ്രെസ്റ്റണ്‍ അഭിപ്രായപ്പെട്ടത്. വനത്തിലെ മരങ്ങള്‍ക്കിടയില്‍ കോട്ട ഉണ്ടെന്നും ഡഗ്ലസ് ഉറപ്പിച്ചു പറയുന്നു.

മാരകമായ പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ചതാണ് വലിയ സംസ്‌കാരത്തിന്റെ നാശത്തിനു കാരണമായത്. ഈ മാരക രോഗം മാംസം കാര്‍ന്നു തിന്നുന്ന ഈ രോഗം തന്നെയാകാമെന്നാണ് ഇപ്പോള്‍ ചരിത്ര ഗവേഷകര്‍ കരുതുന്നത്. ഉള്‍വനത്തില്‍ മാത്രം കാണപ്പെടുന്ന ജീവിയാകാം ഡഗ്ലസിനെയും സംഘത്തെയും കടിച്ചതെന്നും ഇവര്‍ വിശ്വസിക്കുന്നു.