ചുവരെഴുത്തുകള്‍


ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ KCCNA ക്ക് ഒരു പുത്തന്‍ നേതൃ നിര അധികാരത്തില്‍ വന്നത് North American ക്‌നാനായ സമൂഹത്തിനൊരു വാര്‍ത്ത തന്നെയായിരുന്നു. കാറ്റ് ഏതു ദിശയിലേക്കാണ് വീശുന്നതെന്നറിയാനുള്ളൊരു കൗതുകമായിരുന്നു നമ്മളില്‍ ഏറെപ്പേര്‍ക്കും. വിജയികളുടെ വിജയാരവങ്ങളും, മറു പക്ഷക്കാരുടെ പാളിപ്പോയ ഗണിത ശാസ്ത്ര സമ-വാക്യങ്ങുളുടെ പ്രധിധ്വനികളും അടങ്ങുന്നതോടെ തീരുന്നതാകരുത് നമുക്കതിലെ താല്‍പ്പര്യം. അധികാര സ്ഥാനീയരുടെ നയ തന്ത്രങ്ങളില്‍, ഈ വിധി എഴുത്ത്, എന്ത് മാറ്റത്തിന് ഉതകണം എന്ന വിശകലനം ഭാവിയിലേക്കുള്ളൊരു ചൂണ്ടു പലക ആയേക്കാം. അതേ, സഭാ-സമുദായ തലങ്ങളിലുണ്ടാകേണ്ട നയ വിചിന്തനങ്ങള്‍ക്കായുള്ള കേളി കൊട്ടാണിവിടെ കേട്ടതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. വിശ്വാസ്സ പരിപാലനയുടെ പേരില്‍ രണ്ട് തുരുത്തുകളിലാക്കപ്പെട്ട്, അമേരിക്കയിലുടനീളം മുറിഞ്ഞു പോയ കുറേ കുടുംബ ബന്ധങ്ങളെ മുറി കൂട്ടാനുള്ളൊരു വഴിയെങ്കിലും ഇവരൊരുക്കണെ, കുറഞ്ഞ പക്ഷം, എന്ന് ആഗ്രഹിക്കാത്തവരാരും കാണില്ല നമുക്കിടയില്‍. കാരണം, ഉറച്ച സൗഹൃദ ബന്ധങ്ങളും, കറ തീര്‍ന്ന സഹോദര ബന്ധങ്ങളും മാത്രമല്ലിവിടെ വൃണിതമാക്കപ്പെട്ടത്. ഒരു കൂരയില്‍ അന്തിയുറങ്ങുമ്പോഴും , ചുരുക്കം ചില ഭാര്യ-ഭര്‍ത്രു ബന്ധങ്ങളെങ്കിലും, ഇപ്പറഞ്ഞ വിശ്വാസ്സ പരിപാലന രീതിയുടെ കുരുക്കിലകപ്പെട്ട്, സമസ്സ്യകളായി മാറുന്നുണ്ടെന്ന സത്യം നമ്മള്‍ അറിയണം, അതിന്റെ ഭീകരത നമ്മേ നടുക്കണം. ആത്മീയതയുടെ പുക മറക്കു പിന്നില്‍ ഇത്തരം അതിക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക് അതിന്റെ പേരിലൊരു പ്രളയമുണ്ടായാലും പ്രശ്നമല്ല. കാരണം, അവരൊരിക്കലും അതിന്റെ ഇരകളാവില്ല, മറിച്ചു്, ഗുണ ഭോക്താക്കളായി മാറും പെട്ടന്ന്. ഇത്തരക്കാര്‍ക്ക് മൂന്നേ, മൂന്ന് ലക്ഷ്യങ്ങള്‍ മാത്രം- (1 ) ധനാഗമന മാര്‍ഗത്തിന്റെ മരുപ്പച്ചകള്‍ തഴപ്പിച്ചു വളര്‍ത്തണം (2 ) അധികാര വിന്വയം ലോകാതിര്‍ത്തികള്‍ വരെ വ്യാപിപ്പിക്കണം, (3 ) പണം വിളയിക്കാവുന്ന പുത്തന്‍ Syro-Malabar സുഖ വാസ്സ കേന്ദ്രങ്ങള്‍ (അവരതിനെ പള്ളിയെന്നൊക്കെ വിളിക്കും- പറ്റിക്കാനായി) അന്യ ഗ്രഹങ്ങളില്‍ പോലും തുറക്കണം. അതിനായി ദുര്‍ വ്യയം ചെയ്യാന്‍ നമ്മളുണ്ടാക്കി കൊടുത്ത സമ്പത്തും, നമ്മുടെ മറവിലുണ്ടാക്കിയെടുത്ത അവിഹിത ബന്ധങ്ങളും, നമ്മുടെ പേരില്‍ മെനഞ്ഞെടുത്ത അധികാരങ്ങളും കൂട്ടിനുണ്ടവര്‍ക്ക്. അതിന്റെ അഹങ്കാരമാണ് നമുക്കിടയില്‍ അവരീ കാട്ടിക്കൂട്ടുന്നതെല്ലാം. ഇത്തരക്കാരെ ദുര്‍ഗുണ പരിഹാര പാഠ ശാലയിലെത്തിക്കാന്‍ ഒറ്റ മാര്‍ഗമേയുള്ളു- ക്‌നാനായ തനിമയും, ഒരുമയും നീണാള്‍ വാഴണമെന്ന ലക്ഷ്യത്തില്‍, തികഞ്ഞ യാഥാര്‍ഥ്യ ബോധത്തോടെയുള്ള നമ്മുടെ ഐക്യം.

ഇപ്പറഞ്ഞ സാമൂഹ്യ ബോധ തലത്തിലെ ഉണര്‍വിന്റെ പ്രതിഫലനമായിരുന്നു, കൊട്ടിയാര്‍ത്ത്, ഗൂഢ ലക്ഷ്യത്തോടെ കൊണ്ടാടിയ ‘Knanaya Region ദശാബ്ദി’ ആഘോഷ വേദികളില്‍ കണ്ട ആളൊഴിഞ്ഞ ഇരിപ്പടങ്ങളുടെ നീണ്ട നിരകള്‍. ഇതേ വികാരം തന്നെയാണ് ‘Family Conference’ എന്ന കൂടോത്രത്തെ പുറം കാല് കൊണ്ട് തട്ടിത്തെറിപ്പിക്കാന്‍ നമുക്ക് പ്രചോദനമായതും. എന്നിട്ടും ഒന്നും കണ്ടില്ലന്നു നടിക്കുന്നവര്‍ക്കുള്ള പുത്തന്‍ ചവരെഴുത്തുകളാണ് ഇക്കഴിഞ്ഞ KCCNA തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഒരു പാനലിലെ സ്ഥാനാര്‍ഥികളുടെ നിര്‍ണ്ണയത്തിലെ പാകപ്പിഴകളൊ, മറു പാനലിന്റെ തന്ദ്രങ്ങളുടെ മികവോ ആയിരുന്നില്ല തിരഞ്ഞെടുപ്പ് ഫലം ഇങ്ങിനാക്കിയത്. മറിച്ച്, നമ്മുടെ വിനാശകരാകാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഒരു പാനലിനു പിന്നില്‍ ഒറ്റക്കെട്ടായി നിരന്നപ്പോള്‍ അവര്‍ക്കുള്ളൊരടി മാത്രമായിരുന്നത്. അതിന്റെ വ്യക്തമായ തെളിവല്ലേ, അത്തരക്കാരുടെ കുടിലതകള്‍ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന New York ക്‌നാനായ സമൂഹത്തിന്റെ Chairman സ്ഥാനം വഹിക്കുന്ന ശ്രീ. എബ്രഹാം പുതിയിടത്തുശ്ശേരി, KCCNA സെക്രട്ടറി സ്ഥാനത്തേക്ക്, ഇത്രയും മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്. KCCNA യുടെ ചരിത്രത്തിലാദ്യമായി 100% വോട്ട് ഖപ്പെടുത്തിയ തിരഞ്ഞെടുപ്പിലാണ് ഇങ്ങനൊരു വിധി വന്നതെന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണിവിടെ.

ഏത് അന്ധനും വായിക്കാവുന്ന വര്‍ണ്ണത്തിലാണ് ആ ചുവരെഴുത്തുകള്‍ തെളിഞ്ഞിരിക്കുന്നത്. വേണ്ടപ്പെട്ടവരതിനെ കാലത്തിന്റെ അടയാളങ്ങളായി തിരിച്ചറിഞ്ഞ് വഴി മാറ്റി ചവുട്ടിയില്ലേല്‍ ചിത്രങ്ങളെഴുതാന്‍ അവര്‍ക്ക് ചുവരുകളില്ലാതാകും, ഏറെ വൈകാതെ.

Simon Kandoth
New York