പീഡനത്തെതുടര്‍ന്ന്‍ പത്തുവയസുകാരിയുടെ ആത്മഹത്യ ; കുണ്ടറ സി ഐക്ക് സസ്പെന്‍ഷന്‍

കുണ്ടറ : പത്തുവയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കുണ്ടറ സി ഐക്ക് സസ്പെന്‍ഷന്‍ .  കുണ്ടറ സി.​െഎ ആർ. സാബുവിനാണ്  സസ്​പെൻഷൻ ലഭിച്ചത്. പെൺകുട്ടി ലൈംഗിക പീഡനത്തിന്​ ഇരയായിട്ടുണ്ടെന്നും മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നിട്ടും നടപടിയെടുക്കുന്നതിൽ വീഴ്​ച വരുത്തിയതിനാണ്​ സി.​െഎയെ സസ്​പെൻഡ്​ ചെയ്​തത്​. മരണം കഴിഞ്ഞ്​ ഏഴുദിവസത്തിനകം പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ പൊലീസിന്​ ലഭിച്ചിട്ടും വീട്ടുകാരുടെ മൊഴിയെടുക്കുകയോ സംശയിക്കുന്ന ആരെയും ചോദ്യം ചെയ്യുകയോ ചെയ്​തില്ല. മരണം നടന്ന്​ രണ്ടു മാസമായിട്ടും അന്വേഷണം നടത്തിയില്ലെന്നും ആരോപണമുയർന്നിരുന്നു. ജനുവരി 15-നാണ് കുട്ടിയെ  വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്നത്തെ തുടര്‍ന്ന് തൂങ്ങിമരിക്കുന്നു എന്ന രീതിയിലുള്ള  കത്ത് മൃതദേഹത്തിനു സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു.  എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ 52 മുറിവുകളുണ്ടെന്നും ലൈംഗീക പീഡനം നടന്നിട്ടുണ്ടെന്നും  റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവിനെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ വീട്ടുകാര്‍ സഹകരിക്കാത്തത് കൊണ്ടാണ് അന്വേഷണവുമായി മുന്നോട്ട് പോവാന്‍ സാധിക്കാത്തതെന്നാണ് പോലീസിന്റെ മറുപടി. പൊലീസ് തുടരുന്ന അനാസ്ഥക്കെതിരെ കോൺഗ്രസ്, സി.പി.എം പ്രവർത്തകർ കുണ്ടറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ്​ സി.​െഎയെ സസ്​പെൻഡ്​ ചെയ്​തത്​. കൊട്ടാരക്കര ഡി.വൈ.എസ്. പിയുടെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കിയതായും പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.