ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ആരവങ്ങള്‍ക്ക് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു തന്നെ കിക്കോഫ്

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ആരവങ്ങള്‍ക്ക് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു തന്നെ കിക്കോഫ്. പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധിപ്രതിമക്കു സമീപം സ്പീക്കര്‍ സുമിത്രമഹാജനാണ് ആവേശത്തിന് വിസില്‍ മുഴക്കിയത്. ബുധനാഴ്ച പാര്‍ലമെന്റിലെത്തുന്ന എല്ലാ എം.പിമാര്‍ക്കും ഫുട്ബോള്‍ സമ്മാനമായി ഉണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു.

ആരവങ്ങളില്‍ പങ്ക് ചേരണമെന്ന് വകുപ്പു മന്ത്രി വിജയ് ഗോയലിന്റെ അഭ്യര്‍ത്ഥനയും. ഒന്നു കൈ നോക്കാം എന്ന ഭാവത്തില്‍ തന്നെയായിരുന്നു എം.പിമാരുടെ വരവ്. ഉദ്ഘാടക സ്പീക്കര്‍ സുമിത്ര മഹാജന്‍ എത്തുന്നതിന് മുമ്പു തന്നെ സാമാന്യം നല്ല ആള്‍ക്കൂട്ടം കളിക്കാനും കളി കാണാനുമെത്തിയിരുന്നു. നീക്കങ്ങള്‍ ഒപ്പിയെടുക്കാനായി ക്യാമറയും നിരന്നു. ഇളം നീല ബോര്‍ഡറുള്ള ചന്ദനക്കളര്‍ സാരിയുടുത്തായിരുന്നു സ്പീക്കറുടെ വരവ്. സ്പീക്കറെ സ്വീകരിക്കാനായി വിജയ് ഗോയലിനൊപ്പം ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബൈച്ചുങ് ബൂട്ടിയയും. വേദിയിലെത്തിയ ഉടനെ എന്തു ചെയ്യണമെന്നായിരുന്നു സ്പീക്കറുടെ ചോദ്യം.

കാലു കൊണ്ട് തട്ടിയാല്‍ മതിയെന്ന് അരികില്‍ നിന്ന് ഉത്തരം. വിജയ് ഗോയല്‍ നല്‍കിയ പന്ത് തറയില്‍ വെച്ച് വലം കാലുകൊണ്ടൊരു പ്ലേസിങ്. നിറഞ്ഞ കൈയടി. കാര്‍ക്കശ്യം കൊണ്ട് അംഗങ്ങളെ നിയന്ത്രിച്ച് സ്പീക്കറുടെ മുഖത്ത് ചിരി; ലോകകപ്പ് ആരവങ്ങള്‍ക്ക് കിക്കോഫ്. പിന്നെ എം.പിമാര്‍ക്ക് ഓരോരുത്തര്‍ക്കായി പന്തുകിട്ടി. കളിയും തുടങ്ങി. വനിതാ എം.പിമാരായിരുന്നു താരങ്ങള്‍. ഒരേസമയം സാരിത്തുമ്പും പന്തും പിടിക്കാന്‍ ബദ്ധപ്പെട്ട അവര്‍ ക്യാമറകള്‍ക്കു മുമ്പില്‍ മികച്ച വനിതാ താരങ്ങളായി.

നീലസാരിയുടുത്തു വന്ന പി.കെ ശ്രീമതിയും സംഘവും പന്ത് മേല്‍പ്പോട്ടിട്ടും പിടിച്ചും ക്യാമറയ്ക്ക് വിരുന്നായി. ഇതിനിടയിലായിരുന്നു മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ പ്രസൂണ്‍ ബാനര്‍ജിയുടെ വരവ്. പന്ത് നിലം തൊടാതെ ഇരുകാലിലുമെടുത്ത് അമ്മാനമാടിയ ബാനര്‍ജിയെ നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ്സ് വരവേറ്റത്. ആവേശം മൂത്തതോടെ, പാര്‍ലമെന്റിനു മുമ്പിലെ റോഡ് ഒരു മിനി സ്റ്റേഡിയമായി. ഇതിനിടെ, ഒറ്റയ്ക്ക് പന്തു തട്ടിക്കാനുള്ള ശ്രമമായിരുന്നു കേരളത്തില്‍ നിന്നുള്ള ജോയ്സ് ജോര്‍ജ് എം.പിയുടെയും കൊടിക്കുന്നതില്‍ സുരേഷ് എം.പിയുടെയും ശ്രമം.

തൂവെള്ള ഖദര്‍ പൊക്കിപ്പിടിച്ച് ഒരു പാസിടാന്‍ തുടങ്ങിയതേയുള്ളൂ, പിന്നില്‍ നിന്ന് അതാ വരുന്നു കളിക്കാരുടെ സംഘം; ബംഗാള്‍ അംഗം ബാബുല്‍ സുപ്രിയോയുടെ നേതൃത്വത്തില്‍. കൂട്ടക്കളിയായി കളി പിന്നെ. മിഷന്‍ 11 മില്യണ്‍ എന്ന പേരില്‍ കേന്ദ്ര കായിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യമായാണ് ഇന്ത്യ അണ്ടര്‍ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ ആറിനാണ് ആദ്യ മത്സരം. 28ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.