ഈജിപ്തില്‍ ഓശാന ഞായറില്‍ പള്ളികളില്‍ ഭീകര താണ്ഡവം; നിരവധി മരണം

കയ്‌റോ: ഈജിപ്റ്റിലെ കയ്‌റോയില്‍ ഓശാന ശുശ്രൂഷയ്ക്കിടെ കോപ്റ്റിക് ക്രൈസ്തവരുടെ ദേവാലയങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. അലക്‌സാന്‍ഡ്രിയ, ടാന്‍ഡ നഗരങ്ങളില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളികളിലാണ് ആക്രമണമുണ്ടായത്. ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കയ്‌റോയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ നൈല്‍ തടത്തിലെ ടാന്‍ഡ നഗരത്തിലെ സെന്റ് ജോര്‍ജ് പള്ളിയില്‍ രാവിലെ ഒന്‍പതരയ്ക്കാണ് ആദ്യസ്‌ഫോടനമുണ്ടായത്. മണിക്കൂറുകള്‍ക്കുശേഷം അലക്‌സാന്‍ഡ്രിയയിലെ സെന്റ് മാര്‍ക് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും ചാവേറാക്രമണമുണ്ടായി. ഓശാന നമസ്‌കാരത്തിനുശേഷം വിശ്വാസികള്‍ പുറത്തേക്കു വരുമ്പോഴായിരുന്നു സ്‌ഫോടനം. കുര്‍ബാന നയിച്ച പോപ്പ് തവദ്രോസ് രണ്ടാമന്‍ സ്‌ഫോടന സമയത്ത് പള്ളിയിലുണ്ടായിരുന്നു. അദ്ദേഹത്തിനു പരുക്കില്ല. കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഈമാസം ഈജിപ്ത് സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം.