ജാതീയതയെ കൊഞ്ഞനം കുത്തി ‘ആറാം കട്ടില്‍’

റിയാദ്: അംബേദ്കര്‍ ജന്മദിനോപഹാരമായി സ്‌ക്രിപ്റ്റ്‌ലെസ്സ് റിയാദ് അണിയിച്ചൊരുക്കിയ ഹൃസ്വ ചിത്രം ‘ആറാം കട്ടില്‍’ പുറത്തിറങ്ങി. നടനും നാടക സംവിധായകനുമായ ഷൈജു അന്തിക്കാട് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.

ജനാധിപത്യ ഇന്ത്യക്ക് ശില പാകിയ അംബേദ്കറിന്റെ മഹാത്മ്യത്തെ കുറിച്ച് കൃത്യമായ ധാരണ കൂടി സിനിമ നല്‍കുന്നുണ്ട്. അംബേദ്കറെ ഭരണഘടന നിര്‍മ്മാണ കമ്മറ്റിയുടെ ചെയര്‍മാനാക്കിയത് കോണ്‍ഗ്രസ് നേതാക്കളുടെ ഔദാര്യമായിരുന്നെന്ന വാദത്തെയും സിനിമ ചോദ്യം ചെയ്യുന്നു. സാങ്കേതിക മികവിനപ്പുറം അത് പറഞ്ഞ് വെക്കുന്ന പൊള്ളുന്ന രാഷ്ട്രീയമാണ് സിനിമയെ വ്യത്യസ്ഥമാക്കുന്നത്.

റിയാദിലെ സ്വതന്ത്ര കൂട്ടായ്മയായ സ്‌ക്രിപ്റ്റ്‌ലെസ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ഫൈസല്‍ കൊണ്ടോണ്ടിയാണ് സംവിധാനം നിര്‍വ്വഹച്ചത്. സജിത് ഖാന്‍, വിജയകുമാര്‍, നജാത്, രഞ്ജിത് ലാല്‍, സുബൈര്‍, അജോഷ്,ശമീര് മൂവാറ്റുപുഴ തുടങ്ങിയവര്‍ പ്രധാന റോളുകളിലെത്തുന്നു. നിഷ അഹമ്മദ്, സുബി സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷബീബ് സാബു, റസാഖ് അബ്ദു എന്നിവര്‍ ചായാഗ്രഹണവും ജോസ് കടമ്പനാട് ശബ്ദമിശ്രണവും നിര്‍വ്വഹിച്ചു.