ഷാര്‍ജയില്‍ തീപിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടുപേര്‍ മരിച്ചു

ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര്‍ മരിച്ചു. അല്‍ അറൂബാ സ്ട്രീറ്റില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് സംഭവം. താഴെ നിലയില്‍ പ്രവര്‍ത്തിച്ച അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും. ഒരാള്‍ മലപ്പുറം സ്വദേശിയും അപരന്‍ ബംഗ്ളാദേശുകാരനുമാണ്.അഞ്ചുപേര്‍ക്ക് പരിക്കുളളതായും റിപ്പോര്‍ട്ടുണ്ട്. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന്‍ ബാലകൃഷ്ണന്‍ (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന്‍ (32) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ കത്തി നശിച്ചു. 16 നിലകളാണ് കെട്ടിടത്തിനുള്ളത്.  വിഷു പ്രമാണിച്ച് പല വീട്ടുകാരും പുറത്തായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കഴിഞ്ഞ രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കായിരുന്നു. അതിനു പിന്നാലെയാണ് തീ പിടിത്തമുണ്ടായത്. വൈദ്യൂതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഷാര്‍ജ സിവില്‍ ഡിഫന്‍സ് യഥാസമയം കുതിച്ചത്തെി ഹെലികോപ്റ്റര്‍ വഴിയാണ് താമസക്കാരെ ഒഴിപ്പിച്ചത്. അടുത്ത കെട്ടിടങ്ങളില്‍ നിന്നും ആളുകളെ നീക്കി.