വിഷുകൈനീട്ടമായി ‘കണ്ണാ …. നീയെവിടെ’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍: പ്രവാസി മലയാളി ശിവകുമാര്‍ മെല്‍ബോണ്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ‘കണ്ണാ…. നീയെവിടെ’ എന്ന ഭക്തി ഗാന കാസറ്റ് വിഷുവിന് പ്രകാശനം ചെയ്തു.

ഏപ്രില്‍ 14 ന് വിഷുവിന് ഗുരുവായൂര്‍ വടക്കേ നടയിലെ വൈശാഖ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ആചാര്യ രത്ന ബ്രഹ്മശ്രീ പി.സി ദിനേശന്‍ നമ്പൂതിരിപ്പാട് ഭക്തിഗാന രചയിതാവ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിക്ക് ആദ്യ സി.ഡി നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ബാലചന്ദ്രമേനോന്‍, രാജു അമ്മ, അച്ചുതന്‍ മാസ്റ്റര്‍, സംവിധായകന്‍ ഷിനോദ് തുടങ്ങി സാമുഹിക പ്രവര്‍ത്തകരും പങ്കെടുത്തു.

പത്ത് ഗാനശകലങ്ങള്‍ അടങ്ങുന്ന ഈ ആല്‍ബത്തില്‍ ഓരോ ജീവിതത്തിന്റെയും കണ്ണീരിന്റെ കഥ പറയുന്നു. കേട്ടാലും മതിവരാത്ത ഇമ്പമുള്ള ഗാനങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച കണ്ണൂര്‍ സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ശിവകുമാര്‍ വലിയപറമ്പത്ത് ആസ്ട്രേലിയയിലെ മെല്‍ബണ്‍ നിവാസിയാണ്.

ജീവകാരുണ്യ പ്രവര്‍ത്തന മനസ്ഥിതിയുള്ള നന്മയുടെ ഉറവ വറ്റാത്ത സ്‌നേഹിതരുടെ പങ്കാളിത്വത്തോടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.

ഈ ആല്‍ബത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ഭാഗം നിരാലംബ സമൂഹത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുന്നതായി പ്രശസ്ത സംഗീതജ്ഞന്‍ ശിവകുമാര്‍ പറഞ്ഞു. ആദ്യ ദിനത്തില്‍ തന്നെ രണ്ടായിരത്തോളം സി.ഡി വിറ്റഴിഞ്ഞു.

പ്രശസ്ത ഗായിക സുജാത മോഹനും ഗായത്രിയുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ആസ്ട്രലിയയിലെ മെല്‍ബണില്‍ റിവര്‍ഗം ഹാളില്‍ നടക്കുന്ന പുലരി വിക്ടോറിയയുടെ ചടങ്ങില്‍ ‘കണ്ണാ …നീയെവിടെ ‘ എന്ന ആല്‍ബത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും.

സി.ഡി ആവശ്യമുള്ളവര്‍ ബന്ധപെടുക:
+919249402347(India)
+61431198506(Australia).