മുംബൈ , ചെന്നൈ , ഹൈദരാബാദ് വിമാനത്താവളങ്ങള്‍ക്ക് ബോംബ്‌ ഭീഷണി

ചെന്നൈ : രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളായ ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ ബോംബ്‌ ഭീഷണി . ഇവിടങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചതായാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഭീഷണിയെത്തുടര്‍ന്ന് മൂന്ന് വിമാനത്താവളങ്ങളിലും ഡല്‍ഹിയടക്കമുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും മെട്രോകളിലും സുരക്ഷ ശക്തമാക്കി. വിമാത്താവളങ്ങളില്‍ സുരക്ഷ ഏഴു മടങ്ങ് വര്‍ധിപ്പിച്ചു. വിമാനത്താവളങ്ങളിലെ സന്ദര്‍ശക ഗാലറികള്‍ അടച്ചിട്ടിരിക്കുകയാണ്. സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഒരു സ്ത്രീയാണ് വിമാനത്താവളങ്ങളില്‍ ബോംബ് വെക്കാന്‍ ചിലര്‍ പദ്ധതിയിടുന്നത് താന്‍ കേട്ടു എന്നറിയിച്ച് മുംബൈ പോലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചത്. സ്ത്രീ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ 23 പേര്‍ ഉള്‍പ്പെടുന്നതായും ആറുപേരടങ്ങുന്ന സംഘം ഗൂഢാലോചന നടത്തിയതായും സ്ത്രീയുടെ സന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം തീവ്രവാദികള്‍ വിമാനം റഞ്ചാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.