ബാബറി മസ്ജിദ്: വിചാരണ തുടരാനുള്ള സുപ്രിം കോടതി വിധി സംഘപരിവാറിനുള്ള താക്കീതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനിയും, മുരളിമനോഹര്‍ ജോഷിയും, ഉമാഭാരതിയും അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഡാലോചനക്കുറ്റം പുനസ്ഥാപിക്കുകയും, അതിന്‍മേല്‍ വിചാരണ തുടരാമെന്നുമുള്ള സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യയുടെ മതേതര മുഖം പിച്ചിച്ചീന്തിയവര്‍ക്കുള്ള കനത്ത താക്കീതും, ഓര്‍മപ്പെടുത്തലുമാണ് ഈ വിധി. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നൂറ്റാണ്ടുകളോളം തലയുയര്‍ത്തി നിന്ന ബാബറി മസ്ജിദ് തച്ചുടക്കാന്‍ ഗൂഡാലോചന നടത്തിയവര്‍ക്ക് കാലവും, ചരിത്രവും മാപ്പു നല്‍കില്ല. നമ്മുടെ മതേതരത്വവും. ജനാധിപത്യവും, ബഹുസ്വരതയും തകര്‍ത്തു തരിപ്പണമാക്കയവര്‍ക്ക്, അതിനായി ഗൂഡാലോചന നടത്തിയവര്‍ക്ക്, അത്ര പെട്ടെന്നൊന്നും ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെയും, ഇന്ത്യന്‍ സമൂഹ മനസാക്ഷിയുടെയും പിടിയില്‍ നിന്നു രക്ഷപെടാന്‍ കഴിയില്ലന്ന് വ്യക്തമാക്കുന്ന ശുഭസൂചന കൂടിയാണീ വിധി. അദ്വാനിക്കും, ജോഷിക്കുമൊപ്പം വിചാരണ നേരിടുന്ന ഉമാഭാരതിയെ കേന്ദ്ര മന്ത്രി സഭയില്‍ നിന്നും, കല്യാണ്‍ സിംഗിനെ ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും ഉടന്‍ പുറത്താക്കുകയാണ് വേണ്ടത്. ഇപ്പോഴും ബി ജെ പിയും സംഘപരിവാറും അവരുടെ വര്‍ഗീയ അജണ്ടകള്‍ തുടര്‍ന്ന് പോവുകയാണ്. അത്തരം അജണ്ടകള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ദീര്‍ഘകാലം നില നില്‍പ്പില്ലന്നും ഈ വിധി ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.