തേക്കടി പുഷ്പ മേളയിലെ നിയമ ലംഘനത്തിതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുഴലൂതി പ്രധിഷേധം

കുമളി: സ്വകാര്യ സംഘടനകളുടെ നേതൃത്വത്തില്‍ കുമളിയില്‍ സംഘടിപ്പിച്ചിട്ടുള്ള തേക്കടി പുഷ്പമേളയിലെ നിയമ ലംഘനത്തിനെതിരെയാണ് വേറിട്ട രീതിയില്‍ പ്രധിഷേധം സംഘടിപ്പിച്ചത്.

ചില സ്വകാര്യ വ്യക്തികള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ നടത്തുന്ന തേക്കടി പുഷ്പ മേളയ്ക്കു കുമളി പഞ്ചായത്തു ഭരണ സമിതി വഴി വിട്ടു സഹായം നല്‍കുന്നു എന്നാരോപിച്ചാണ് ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ കുഴലൂത്ത് മാര്‍ച്ച് നടത്തി പ്രതിഷേധിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും സ്വതന്ത്ര ചിന്താഗതിക്കാരുമായ ഒരു കൂട്ടം ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഫുട്‌ബോലോക ലോക് കപ്പിലൂടെ ശ്രദ്ധേയമായ വുവുസേല ഉപയോഗിച്ച് ഉച്ചത്തില്‍ കുഴലൂതിയാണ് പ്രതിഷേധക്കാര്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയത്. വൈദ്യുതി, പഞ്ചായത്ത്, പോലീസ്, ഫയര്‍ ആന്റ് സേഫ്റ്റി, ഭക്ഷ്യ സുരക്ഷ ഉള്‍പ്പെടെയുള്ള ഒരു വകുപ്പുകളുടേയും അനുമതി ഇല്ലാതെയാണ് മേള നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മാത്രമല്ല പഞ്ചായത്തിന്റെ പേര് ദുരുപയോഗം ചെയ്തതിലൂടെ നികുതിയിനത്തില്‍ പഞ്ചായത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് ഇല്ലാതായത്. ഇക്കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. കുമളിയില്‍ പതിനൊന്നു വര്‍ഷമായി നടന്നു വരുന്ന പുഷ്പമേളയില്‍ കഴിഞ്ഞ വര്‍ഷം വരെ ഇരുപതു രൂപയായിരുന്ന വ്യെക്തിഗത പ്രവേശന ഫീസ്. ഇത് ഇക്കുറി സംഘാടകര്‍ ഇരട്ടിയാക്കി. ഇതുകൂടാതെ അകത്തു കയറിയാല്‍ വിവിധ വിനോദ ഉപാധികള്‍ക്കു വേറെയും തുക നല്‍കണം. പുഷ്പമേളയില്‍ പൂക്കളേക്കാള്‍ കൂടുതല്‍ വിവിധ വ്യാപാര സ്റ്റാളുകളാണെന്ന ആക്ഷേപം തുടക്കം മുതല്‍ നിലനില്‍ക്കുന്നുണ്ട്.

കുമളി ടൗണില്‍ നിന്നാരംഭിച്ച കുഴലൂത്ത് മാര്‍ച്ച് കുമളി പഞ്ചായത്ത് ഓഫീസില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഇന്ത്യന്‍ നാഷണല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്‍ സമദ് എ, അഡ്വ. ടി. സി എബ്രഹാം, സനൂപ് പുതുപ്പറമ്പില്‍,സുനില്‍, സിറിള്‍ നേതൃത്വം നല്‍കി.