ബംഗാളില്‍ നിന്നും കൊണ്ടുവന്ന അരിക്ക് ആവശ്യക്കാരില്ല ; ടണ്‍ കണക്കിന് അരി കെട്ടിക്കിടക്കുന്നു

സംസ്ഥാനത്ത് അരി ക്ഷാമം രൂക്ഷമായ സമയം ക്ഷാമം പരിഹരിക്കുവാന്‍ വേണ്ടി ബംഗാളില്‍ നിന്നും കൊണ്ടുവന്ന അരി ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നു.സ്വര്‍ണ മസൂരി എന്ന പേരിലെത്തിയത് നിലവാരം കുറഞ്ഞ അരിയെന്നാണ് പരാതി.ഇതോടെ അരി തിരിച്ചെടുക്കാതെ മറ്റു വഴിയില്ലാത്ത അവസ്ഥയാണ്. സിവില്‍ സപ്ലൈസ് കരിമ്പട്ടികയില്‍ പെടുത്തിയ ഹബ്സര്‍ ഗ്രൂപ്പിനാണ് അരി ഇറക്കുമതി ചെയ്യാൻ അനുമതി നല്‍കിയത്. മട്ടാഞ്ചേരി,തൃശൂര്‍,കോഴിക്കോട്,പാലക്കാട് മാര്‍ക്കറ്റുകളില്‍ കിലോയ്ക്ക് 24 രൂപ 50പൈസയ്ക്ക് അരി വില്‍ക്കുമ്പോഴാണ് 27 രൂപയ്ക്ക് ബംഗാളില്‍ നിന്ന് അരിയെത്തിച്ചതെന്ന ആക്ഷേപവുമുണ്ട്. കിലോയ്ക്ക് 2 രൂപ നിരക്കില് സര്ക്കാരിനുണ്ടായ നഷ്ടം 2 കോടി രൂപയാണ്. 26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സംഭരിച്ച 100 കോടി രൂപയ്ക്കാണ് അരി ഇറക്കുമതി ചെയ്തത്.ഇതുമൂലം സഹകരണസംഘങ്ങള്‍ക്കുണ്ടായ നഷ്ടം വേറെയും. സംസ്ഥാനത്തെ അരിക്ഷാമം പരിഹരിക്കാനും വില നിയന്ത്രിക്കാനും മാര്‍ച്ച് നാലിനാണ് ബംഗാളില്‍ നിന്ന് അരിയെത്തിച്ചത്.കിലോയ്ക്ക് 27 രൂപ നിരക്കില്‍ 10,000ടണ്‍ അരിയെത്തിക്കാനായിരുന്നു തീരുമാനം.ഇതുവരെ എത്തിച്ച 6000ടണ്‍ അരി പക്ഷെ കണ്‍സ്യൂമര്‍ഫെഡിൻറെ വിവിധ ഗോഡൗണുകളില്‍ കെട്ടികിടക്കുകയാണ്.ഗുണനിലവാരമില്ലാത്തതിനാല്‍ ആവശ്യക്കാരില്ലെന്നാണ് കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളില്‍ നിന്നുളള വിശദീകരണം ഇതുകൂടാതെ എല്ലാ ജില്ലകളിലെയും പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി അരി വിറ്റഴിക്കാനുളള നീക്കവും തടസ്സപ്പെട്ടു.