കീഴടക്കാന്‍ എത്തുന്നു ഹോണ്ട CBR1000RR ഫയര്‍ബ്ലെയിഡ്

ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ മുന്‍നിര സ്‌പോര്‍ട്‌സ് ബൈക്കായ 2017 മോഡല്‍ CBR1000RR ഫയര്‍ബ്ലെയിഡ് ഇന്ത്യന്‍ നിരത്തുകളില്‍ ഇറക്കാന്‍ ഒരുങ്ങുന്നു. ഈ മാസം മൂതല്‍ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ CBR എന്നതിന് പകരം CBU എന്ന പേരില്‍ ആകും ഇറങ്ങുന്നത്.

ഹോണ്ട ‘CBR1000RR ഫയര്‍ബ്ലെയിഡ്’, 17.61 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മികച്ച പെര്‍ഫോമന്‍സ് തരുന്ന ഹൈഎന്‍ഡ് മോഡല്‍ ആയ ‘CBR1000RR ഫയര്‍ബ്ലെയിഡ് SP’ യുടെ വില 21.71 ലക്ഷം രൂപയാണ്.

ഹോണ്ട 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച CBR1000RR ശ്രേണിയിലെ പുത്തന്‍തലമുറ വാഹനമാണ് ‘ഫയര്‍ ബ്ലെയിഡ്’. 13,000rpm ല്‍ 191.6hp യില്‍ കുതിക്കുന്ന 999cc ഇന്‍ ലയിന്‍ ഫോര്‍ എന്‍ജിന്‍ ആണ് ഈ സൂപ്പര്‍ ബൈക്കില്‍.

ബൈക്കിന്റെ ഭാരം മുന്‍പത്തെക്കാള്‍ 16 കിലോ കുറച്ചു 195 കിലോഗ്രാമില്‍ എത്തിക്കുവാനായി ഹോണ്ട ഈ വാഹനത്തിന്റെ 90 ശതമാനം ഘടകങ്ങളും പുനഃക്രമീകരിച്ചു. ഇത്തരത്തില്‍ ഭാരം കുറച്ചതിലൂടെ ബൈക്കിന്റെ പവര്‍-വെയ്റ്റ് അനുപാതം 14 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു.

പുത്തന്‍ ഗൈറോസ്‌കോപ്പിക് എബിഎസ് സിസ്റ്റം, റൈഡ്-ബൈ-വയര്‍, 9 ലെവല്‍ ടോര്‍ക്ക് കണ്ട്രോള്‍, സെലക്ടബില്‍ എന്‍ജിന്‍ ബ്രെക്കിങ്, ഇലക്ട്രോണിക്ക് സ്റ്റീയറിങ് ടാംപര്‍, പവര്‍ സെലക്ടര്‍ എന്നിവയാണ് ഇതിലെ മറ്റു പുത്തന്‍ സവിശേഷതകള്‍.