സി.പി.എം – സി.പി.ഐ കുരിശുദ്ധം ? ; ദൗത്യം പൊളിച്ചടുക്കാന്‍ കുരിശിനെ ആയുധമാക്കുന്നു

തിരുവനന്തപുരം: കൈയേറ്റ ഭൂമിയിലെ ഭീമന്‍കുരിശ് പൊളിച്ചടുക്കിയതിനെ ചൊല്ലി സി.പി.എം-സി.പി.ഐ കുരിശുയുദ്ധതിന് തുടക്കം. കുരിശ് പൊളിച്ചതിനെ സീറോ മലബാര്‍ സഭ അടക്കം ക്രൈസ്തവ സഭകള്‍ അനുകൂലിക്കുമ്പോള്‍, മുഖ്യമന്ത്രിയും സി.പി.എമ്മും റവന്യൂ വകുപ്പിനെതിരേ കുരിശുയുദ്ധത്തിന് തയ്യാറെടുക്കുകയാണ്.

വി.എസ് അച്യുതാനന്ദന്റെ കാലത്ത് പാര്‍ട്ടി ഓഫിസില്‍ തൊട്ടപ്പോള്‍ ദൗത്യത്തെ പൊളിച്ചടുക്കി. ഇത്തവണ ക്രൈസ്തവ സഭകള്‍ക്ക് പോലും പ്രതിഷേധം ഇല്ലാതിരിക്കേ കുരിശില്‍ പിടിച്ച് വൈകാരിക പ്രശ്‌നമാക്കി കൈയേറ്റം ഒഴിപ്പിക്കലിനെ തടയാനുള്ള ശ്രമങ്ങള്‍ക്ക് സി.പി.എം ഒരുങ്ങുന്നു.

കൈയേറ്റം ഒഴിപ്പിക്കലിനെ കോണ്‍ഗ്രസ് പിന്തുണക്കുമ്പോഴും കുരിശ് പൊളിച്ചത് കത്തിച്ചു നിര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷവും ശ്രമം തുടങ്ങി. മൂന്നാറില്‍ കുരിശു പൊളിച്ച ശേഷം മുഖ്യമന്ത്രി നടത്തുന്ന ധാര്‍മിക രോഷം തികച്ചും കാപട്യമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്.

സ്ഥലത്ത് 144 പ്രഖ്യാപിച്ച ശേഷമാണ് കുരിശു പൊളിച്ചത്. ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി താനറിഞ്ഞില്ലന്ന് ഇപ്പോള്‍ പറയുന്നത് പച്ചക്കള്ളമാണ്. വന്‍കിട കൈയേറ്റങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുരിശു പൊളിക്കല്‍ നാടകമെന്നാണ് ചെന്നിത്തലയുടെ ആരോപണം.
കുരിശ് വിശ്വാസത്തിന്റെ പ്രതീകമാണ്. അതുവഴി ഉണ്ടാകുന്ന ജനരോഷത്തിന്റെ മറവില്‍ വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ അറിയാതെയാണ് ഇതു നടന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി മുതലക്കണ്ണീര്‍ പൊഴിക്കുന്നത് പരിഹാസ്യമാണ്. സി.പി.എം ഉള്‍പ്പെടെയുള്ളവരുടെ കൈയേറ്റം ഒഴിപ്പിക്കാതെയാണ് ഇപ്പോള്‍ കുരിശു പൊളിക്കാന്‍ വ്യഗ്രത കാട്ടിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വെള്ളിയാഴ്ച എ.കെ.ജി സെന്ററില്‍ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐയെ അടിക്കാനുള്ള വടിയായി കുരിശ് പൊളിച്ചടുക്കല്‍ സി.പി.എം ഉപയോഗിച്ചേക്കും. വൈകിട്ട് അഞ്ചിന് മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ഉദ്യോഗസ്ഥതല യോഗത്തിലും രൂക്ഷ വിമര്‍ശനം ഉയരും. കുരിശില്‍ പിടിച്ച് കൈയേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വെയ്പ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായേക്കും.

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കുരിശ് ഉയര്‍ത്തി രാജേന്ദ്രന്‍ എം.എല്‍.എയും സി.പി.എം ജില്ലാ നേതൃത്വവും ആരംഭിച്ചിരിക്കുന്ന വൈകാരികത സൃഷ്ടിക്കല്‍ കൈയേറ്റ മാഫിയക്ക് വേണ്ടിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. അതിലൂടെ ഒന്നാം മൂന്നാര്‍ ദൗത്യത്തിന് സംഭവിച്ച അതേഗതി സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘത്തിനും ഉണ്ടാക്കുക എന്നതാണ് അവര്‍ ലക്ഷ്യമിടുന്നത്.