എന്‍എഫ്എല്‍ സ്റ്റാറിന്റെ തൂങ്ങി മരണത്തില്‍ സംശയമുണ്ടെന്ന് അറ്റോര്‍ണി

മാസ്സച്ചുസെറ്റ്: മുന്‍ എന്‍എഫ്എല്‍ സ്റ്റാറും ന്യൂഇംഗ്ലണ്ട് പാട്രിയറ്റ് ടീമംഗവുമായിരുന്ന ഏരണ്‍ ഹെര്‍ണാണ്ടസിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ഏരണിന്റെ മുന്‍ ഏജന്റ് ബ്രയാന്‍ മര്‍ഫി, ഡിഫന്‍സ് അറ്റോര്‍ണി ഓസെ ബെയ്സ് എന്നിവര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഏറ്റവും സുരക്ഷിത കറക്ഷണല്‍ സെന്റര്‍ സെല്ലില്‍ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ഹെര്‍ണാണ്ടസിനെ കണ്ടെത്തിയത്.

കൊലക്കേസില്‍ ജീവപര്യന്തം ശിഷയനുഭവിക്കുന്ന ഇരുപത്തിയേഴുകാരനായ ഏരണിനെ അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പു മറ്റൊരു കൊലപാതകക്കേസില്‍ നിരപരാധിയാണെന്ന് കണ്ടെത്തിയത് ദേശീയ മാധ്യമങ്ങളിലെ മുന്‍ പേജുകളില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു.

ഏകാന്ത സെല്ലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തൂങ്ങി മരിക്കുന്നതിനു മുമ്പ് നെറ്റിയില്‍ ബൈബിള്‍ വാക്യം എഴുതിവെച്ചിരുന്നതായി ജയിലധികൃതര്‍ വെളിപ്പെടുത്തി. (യോഹന്നാന്‍ 3.16) അഞ്ച് ദിവസം മുമ്പ് കോടതിയില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഏരണ്‍ തന്റെ ഫിയാന്‍സയില്‍ നിന്നും ജനിച്ച മകള്‍ക്ക് ചുംബനം നല്‍കുന്ന ചിത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ഏരണ്‍ ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് സുഹൃത്തുക്കളും ടീമംഗങ്ങളും പറയുന്നത്.

കോടതിയില്‍ വീണ്ടും ഹാജരാക്കുന്നതിന് കാത്തിരിക്കുകയായിരുന്നു ഏരണ്‍ എന്ന് അറ്റോണി പറയുന്നു. ഏരന്റെ മരണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അറ്റോര്‍ണി ആവശ്യപ്പെട്ടു. ആത്മഹത്യയെ സൂചിപ്പിക്കുന്ന ഒരു കുറിപ്പും കണ്ടെത്തിയില്ലാ എന്നുള്ളതും സംശയാസ്പദ മാണെന്നു അറ്റോര്‍ണി കൂട്ടിച്ചേര്‍ത്തു.