സ്ത്രീകളോട് മുഖ്യമന്ത്രിക്കും മണിയുടെ നിലപാടോ? മന്ത്രിയെ സ്ത്രീകള്‍ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് കുമ്മനം

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണിയെ സ്ത്രീകള്‍ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആരെയും അസഭ്യം പറയുന്ന മന്ത്രി എം എം മണി മലയാളികള്‍ക്ക് അപമാനമാണ്. മണിയെ മലയാളികള്‍ക്ക് മേല്‍ കെട്ടി വെച് സിപിഎം കേരളീയരെ മുഴുവന്‍ വെല്ലുവിളിക്കുകയാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ഇതിലും മികച്ച ആള്‍ക്കാര്‍ എം എല്‍ എ മാരുടെ കൂട്ടത്തില്‍ ഇല്ലാത്തതിനാലാണോ മണിയെ തുടരാന്‍ അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത്ര നേതൃ ദാരിദ്ര്യം ഉള്ള പാര്‍ടിയാണോ സിപിഎം? മണി മന്ത്രിയായി ഇനി തുടരണമോയെന്നു മുഖ്യമന്ത്രി തീരുമാനിക്കണം, കുമ്മനം തുറന്നടിച്ചു.

സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞ മന്ത്രിക്കെതിരെ കേസ് എടുക്കണം. സ്ത്രീകളോട് മുഖ്യമന്ത്രിക്കും ഇതേ നിലപാട് ഉള്ളതിനാലാണ് മണിയെ നിയന്ത്രിക്കാത്തത്. പൊമ്പിള ഒരുമ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി ഇത്ര നാളും അവരുടെ നേതാവായിരുന്നു എന്ന കാര്യം മറക്കരുത്. സാംസ്‌കാരിക നായകര്‍ എന്ന് നടിക്കുന്ന ആര്‍ക്കും മണിയുടെ പ്രസ്താവനകളില്‍ എതിര്‍പ്പില്ലാത്തത് വിസ്മയകരമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ശനിയാഴ്ച കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ യോഗത്തില്‍ സംസാരിക്കവെ ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നു മണി ആവശ്യപ്പെട്ടിരുന്നു. ദേവികുളം സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണ്. മൂന്നാര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ നടപടികളുടെ പശ്ചാത്തലത്തിലാണ് രൂക്ഷവിമര്‍ശനവുമായി മന്ത്രി രംഗത്തെത്തിയത്. ഇതിനുശേഷം അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തില്‍ മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ചതാണ് പുതിയ വിവാദങ്ങള്‍ക്കു വഴിവച്ചത്. മൂന്നാറിലെ സമരകാലത്ത് പൊമ്പിളൈ ഒരുമൈ കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ട്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി എന്നും അസഭ്യച്ചുവയോടെ എംഎം മണി പറഞ്ഞു.