ഡല്‍ഹിയില്‍ പോത്തു വ്യാപാരികള്‍ക്ക് മൃഗസംരക്ഷണസേനയുടെ മര്‍ദനം

ഡല്‍ഹി :   ഡല്‍ഹിയില്‍ പോത്തുകളുമായി പോകുകയായിരുന്ന വ്യാപാരികളെ    മൃഗസംരക്ഷണ സേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഗുരുഗ്രാമില്‍ നിന്ന് ഗാസിപൂരിലേക്ക് വാഹനത്തില്‍ പോത്തുകളെ കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ഹരിയാന സ്വദേശികളായ റിസ്‌വാന്‍, കാമില്‍, ഉത്തര്‍പ്രദേശ് സ്വദേശി ആഷു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനത്തില്‍ കൊണ്ടുപോയ ഇവയോട് മനുഷ്യത്വ രഹിതമായി പെരുമാറുന്നുവെന്നും അവയുടെ അവസ്ഥ പരിതാപകമാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം.  പരിക്കേറ്റ മൂന്നുപേര്‍ക്കെതിരെയും മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദ്ദിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ ആരും പരാതിപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയവര്‍ക്ക് കേന്ദ്രമന്ത്രി മേനക ഗാന്ധി അധ്യക്ഷയായ മൃഗസംരക്ഷണ സംഘടനായ പീപ്പിള്‍ ഫോര്‍ അനിമലുമായി ബന്ധമുണ്ടെന്ന ആരോപണം മന്ത്രിയുടെ ഓഫീസ് തള്ളി.സംഭവത്തിന് ഗോരക്ഷാ സംഘങ്ങളുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.