ജവാന്മാരെ ആക്രമിച്ചത് 300 ലേറെ മാവോയിസ്റ്റ്കള്‍ ; വീരമൃത്യു വരിച്ചത്‌ 26 ജവാന്മാര്‍


റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കുനേരെ ആക്രമണം നടത്തിയത് 300 ഓളം മാവോവാദികള്‍ ഉള്‍പ്പെട്ട സംഘം. 150 ജവാന്മാര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് മാവോവാദികള്‍ ലക്ഷ്യംവച്ചത്. 26 ജവാന്മാര്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചു. ഈ മേഖലയില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനായിപ്പോയ 74 ബറ്റാലിയനിലെ അംഗങ്ങള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ആസൂത്രിതമായ ആക്രമണം ആണ് നടന്നതെന്ന് പരിക്കേറ്റവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശവാസികളെ വെച്ച് സൈനികര്‍ നില്‍ക്കുന്നയിടം മനസ്സിലാക്കിയ ശേഷമായിരുന്നു ആക്രമണം. ഗ്രാമീണരും സ്ത്രീകളും കറുത്ത യൂണിഫോമണിഞ്ഞ സായുധസംഘവും ചേര്‍ന്ന 300 പേരടങ്ങുന്ന കൂട്ടമാണ് ആക്രമണം നടത്തിയത്. എ.കെ 47 അടക്കം ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

150 സൈനികരാണ് തൊഴിലാളികള്‍ക്ക് സംരക്ഷണത്തിനായി പോയിരുന്നത്. പരിക്കേറ്റവരെ വിമാനമാര്‍ഗം റായ്പൂര്‍, ജഗദാല്‍പൂര്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. ജവാന്മാര്‍ നടത്തിയ വെടിവെപ്പില്‍ നിരവധി മാവോവാദികള്‍ കൊല്ലപ്പെട്ടുവെന്നും ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. ശക്തമായ പ്രത്യാക്രമണം നടത്തി മൂന്നേറിയതിനാല്‍ തങ്ങളെ വലയം ചെയ്യുന്നതിനുള്ള മാവോവാദികളുടെ നീക്കം പരാജയപ്പെട്ടുവെന്ന് ജവാന്മാര്‍ പറഞ്ഞു.

ജവാന്മാരുടെ ആയുധങ്ങള്‍ മാവോയിസ്റ്റ്കള്‍ കൈക്കലാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോവാദികള്‍ ഈവര്‍ഷം നടത്തുന്ന രണ്ടാമത്തെ കനത്ത ആക്രമണമാണിത്. കഴിഞ്ഞമാസം 11 ന് മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.