മദ്യപിച്ച നിയമ പാലകന്റെ വാഹനമിടിച്ച് യുവതി മരിച്ചു

ക്യൂന്‍സ്(ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പൊലീസ് ഓഫിസര്‍ നെവില്ല സ്മിത്ത് (32) ഓടിച്ച കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വനേസ(22) ജമൈക്ക ആശുപത്രിയില്‍ മരിച്ചു. സ്മിത്ത് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 23 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. 2011 മുതല്‍ സര്‍വ്വീസിലുള്ള സ്മിത്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് (2010) വനേസ ഓടിച്ചിരുന്ന 2004 ഹോണ്ടയുടെ പുറകിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഹോണ്ട മരത്തില്‍ ഇടിക്കുകയായിരുന്നു.

ഹോണ്ടയിലുണ്ടായിരുന്ന മറിയ(21), സുഹൃത്ത് ജസ്റ്റിന്‍ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു.മറിയ ലൈഫ് സപ്പോര്‍ട്ടിലാണ്. മറിയയും വനേസയും സഹോദരിമാരാണ്. അപകടത്തില്‍ നിസ്സാര പരുക്കേറ്റ പൊലീസ് ഓഫീസര്‍ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചതായി പൊലീസ് പറയുന്നു.

സ്മിത്തിന്റെ പേരില്‍ മദ്യപിച്ചു വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്.രണ്ടുമാസം മുമ്പായിരുന്നു വനേസ യോക്ക് കോളേജില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തത്. നിയമപാലകര്‍ തന്നെ നിയമലംഘനം നടത്തുന്ന സംഭവങ്ങള്‍ അപൂര്‍വ്വമാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.