കാശ്മീരിലെ പെണ്‍ പോരാളികളെ പ്രണയിക്കുന്നവരോട്……

പോരാട്ടത്തിനിടയില്‍ ലിംഗപരമായ പോസ്‌ററിട്ട് കല്ലു കടിയാകുക എന്ന ‘ഉത്തമമായ’ ദൌത്യം ഏറ്റെടുക്കുന്നുവെന്ന പൂര്‍ണ ബോധ്യത്തോടെ…
കുറച്ചു ദിവസങ്ങളായി മഫ്തയിട്ട,മുഖം മറച്ച് കല്ലെറിയുന്ന കാശ്മീരി പെണ്ണോടാണ് പലരുടെയും പ്രണയം. അവരോടുള്ള പ്രണയ പ്രഖ്യാപനങ്ങള്‍ക്ക് ‘ പ്രണയമാണു പെണ്ണേ നിന്‍ പോരാട്ട വീര്യത്തോട് ?? ‘ തുടങ്ങിയ മനസ്സില്‍ കൊളുത്തി വലിയ്ക്കുന്ന വാചകങ്ങള്‍ ഒപ്പമുണ്ടെന്നത് കൂടുതല്‍ ചന്തം.
രാഷ്ട്രീയ അനിശ്ചിതത്വം കാലനുസൃതമായി മാറാന്‍ പ്രേരിപ്പിച്ചപ്പോള്‍ അവരെടുത്ത കല്ലുകള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത തലങ്ങളും പ്രണയങ്ങളുമുണ്ടെന്നത് നഗ്‌നയാഥാര്‍ത്ഥ്യം.
പണ്ടു സാമൂഹ്യ ശാസ്ത്ര പുസ്തകത്തില്‍ കാശ്മീരിനെ കുറിച്ച് പറയുന്നിടത്ത് തലയെടുപ്പെന്നു പഠിപ്പിച്ചപ്പോള്‍ ആ തലയെടുപ്പെന്നത് മനുഷ്യ തലകള്‍ എടുപ്പാണെന്ന് അറിഞ്ഞിരുന്നില്ല. ക്ലാസില്‍ കാശ്മീര്‍ പിന്നെ ചര്‍ച്ചയായത് ആപ്പിള്‍ കൃഷിയും ആപ്പിള്‍ പോലത്തെ പെണ്‍കുട്ടികളേയും പറഞ്ഞായിരുന്നു.അവരുടെ ശാരീരിക സൌന്ദര്യത്തെ കുറിച്ച് വാ തോരാതെ പറഞ്ഞപ്പോഴും എന്തു കൊണ്ടാണ് അവര്‍ നേരിടുന്ന രാഷ്ട്രീയ വൈരൂപ്യത്തെ കുറിച്ച് മൌനം പാലിച്ചതെന്നറിയില്ല. ചിലപ്പോള്‍ അത്തരം ചര്‍ച്ചകള്‍ ദേശീയതയ്ക്ക് എതിരായിരിക്കാം..
അല്ല, എന്തു കൊണ്ടാണ് ആ ചുണക്കുട്ടികളോട് പ്രണയം തോന്നുന്നത്?? എനിയ്ക്കു ബഹുമാനമാണ് തോന്നിയത്.ആരെയും ബഹുമാനിക്കാം.പക്ഷേ പ്രണയമാകുമ്പോള്‍ അത് കൂടുതല്‍ വൈകാരികമാകുന്നു. ആ വൈകാരികതയില്‍ ഞാന്‍ എന്നെ പൂര്‍ണമായും ആ പോരാട്ടത്തോട് ചേര്‍ത്തു നിര്‍ത്തുന്നു..
ഓടി പോയി പുരുഷ സുഹൃത്തിനോട് ചോദിച്ചു: ‘എപ്പോഴാണ് ഒരു ആണ്‍കുട്ടിയ്ക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുക?’
‘എനിയ്ക്കറിയില്ല’
‘എന്നാലും പൊതുവെ ചില സാഹചര്യങ്ങളുണ്ടാകില്ലേ..ഞങ്ങള്‍ പെണ്‍കുട്ടികള്‍ നിലപാടുകളോടാണ് പ്രണയത്തിലാകുക…അവരുടെ ശാരീരികമായ പ്രത്യേകതകള്‍ വലിയ മാനദണ്ഡമാകാറില്ല.അത് കൊണ്ടാണ് കോളേജിലെ ചോക്ലേറ്റ് പയ്യനെ പ്രണയിക്കുന്നവരെക്കാള്‍ സഖാക്കളെ പ്രണയിക്കുക.അവന്റെ രാഷ്ട്രീയ പ്രസംഗം കേട്ട് പ്രണയത്തില്‍ ആഴ്ന്നു പോകുക’
‘ഒരു വ്യക്തിയുടെ സങ്കല്പവുമായി സാമ്യമുള്ളവരെയാകാം പ്രണയിക്കുക..അങ്ങനെ തോന്നുന്നു’
അപ്പോള്‍ ഈ പ്രണയ വാചകങ്ങള്‍ എഴുതുന്നവരെല്ലാം പോരാട്ടത്തെ,പോരാളിയായ പെണ്ണിനെ പ്രണയിക്കുന്നവരാണോ? അങ്ങനെയെങ്കില്‍ പോരാളിയായ ഭിന്നശേഷിക്കാരോട്, ആസിഡ് ആക്രമണ പോരാളികളോട്, Rape victimsനോട്, മൂന്നാം ലിംഗക്കാരോട്, നിരപരാധികളായ തീവ്രവാദ കുറ്റാരോപിതരോട്, വിചാരണയില്ലാതെ കഴിയുന്ന വിചാരണ തടവുകാരോട്, കറുത്ത പെണ്ണിനോട് ,സ്ത്രീധന വിരോധിയോട്, പഠിക്കാന്‍ മോഹിക്കുന്നവളോട് ഒക്കെ പ്രണയം തോന്നണ്ടേ? അവരോടൊക്കെ തോന്നിയിട്ടുണ്ടാകുമോ? അവരും അവര്‍ ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ –സാമൂഹിക സാഹചര്യങ്ങളുമായി പോരാട്ടത്തിലല്ലേ?
പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ ബാക്കി പത്രങ്ങള്‍ എന്താണ്? ആ പ്രണയ സാഫല്യത്തിന്റെ തലമെന്താണ്? ചില ആകാംക്ഷകള്‍….
കാശ്മീരിലെ ചുണക്കുട്ടികള്‍ക്ക് അഭിവാദ്യം …ആശംസ…കേവലം രാഷ്ട്രീയ പ്രണയത്തിനപ്പുറം ഐക്യദാര്‍ഡ്യത്തിലൊതുങ്ങാത്ത പ്രണയങ്ങളാകട്ടെ നിനക്കു ലഭിക്കുന്നവ…