കര്‍ഷകര്‍ സംഘടിച്ചില്ലെങ്കില്‍ കാര്‍ഷികമേഖല തകര്‍ന്നടിയും: മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി കര്‍ഷകര്‍ സംഘടിച്ചുമുന്നേറുന്നില്ലെങ്കില്‍ കാര്‍ഷികമേഖല തകര്‍ന്നടിയുമെന്നും പ്രതിസന്ധിയില്‍ കര്‍ഷകരോട് അനുഭാവ നിലപാട് സ്വീകരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

പ്രദേശികതലങ്ങളില്‍ ഒട്ടേറെ കര്‍ഷക പ്രസ്ഥാനങ്ങളുണ്ട്. ഒട്ടനവധി നിസ്വാര്‍ത്ഥ സേവനങ്ങള്‍ ഈ പ്രസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്കായി ചെയ്യുന്നുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഒരു സമ്മര്‍ദ്ദശക്തിയായി മാറുവാന്‍ കര്‍ഷകകൂട്ടായ്മകള്‍ക്കാകുന്നില്ല. ഇക്കാരണത്താല്‍ കര്‍ഷകപ്രക്ഷോഭങ്ങള്‍ പലതും ലക്ഷ്യപ്രാപ്തിയിലെത്താതെപോകുന്നു. ഈയവസരത്തില്‍ വിഘടിച്ചുനില്‍ക്കാതെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളും കര്‍ഷകാഭിമുഖ്യമുള്ള ഇതരസംഘടനകളും സംഘടിച്ചുനീങ്ങേണ്ടത് അടിയന്തരമാണ്.

ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും കാര്‍ഷികമേഖലയ്ക്ക് വന്‍വെല്ലുവിളിയുയര്‍ത്തുന്നതാണ് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതി. ഇന്ത്യയുടെ കാര്‍ഷികമേഖല കോര്‍പ്പറേറ്റുകള്‍ക്കായി തുറന്നുകൊടുത്തിരിക്കുമ്പോള്‍ തകര്‍ച്ചനേരിടുന്നത് ചെറുകിട കര്‍ഷകരാണ്. ഈ വന്‍പ്രതിസന്ധിയില്‍നിന്നു മോചനമുണ്ടാകണം. ആഗോളകാര്‍ഷിക കുടിയേറ്റത്തിനായി കര്‍ഷകര്‍ മുന്നോട്ടുവരണം. ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകരുടെ സംരക്ഷണത്തിനുള്ള പദ്ധതികള്‍ രൂപീകരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും മാര്‍ അറയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.

ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആനുകാലിക കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തി. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്, ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ.ജോസ് തറപ്പേല്‍, ഫാ.തോമസ് മറ്റമുണ്ടയില്‍, ഫാ.മാത്യു പനച്ചിക്കല്‍, ഫാ.ജോണ്‍ പനച്ചിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍, സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട്, ജോയി തെങ്ങുംകുടി, അഡ്വ.പി.എസ്.മൈക്കിള്‍, കെ.എസ്.മാത്യു മാമ്പറമ്പില്‍, ജോയി പള്ളിവാതുക്കല്‍, ജോസ് പോള്‍, ചാക്കോച്ചന്‍ ചെമ്പകത്തുങ്കല്‍, സണ്ണി അഗസ്റ്റിന്‍, ബേബി സ്‌കറിയ എന്നിവര്‍ സംസാരിച്ചു.

ഇന്‍ഫാം ദേശീയസമിതി പ്രമേയം
കാര്‍ഷിക പ്രതിസന്ധി – ഇന്‍ഫാം സര്‍വ്വകക്ഷി സമ്മേളനം വിളിച്ചുചേര്‍ക്കും; കര്‍ഷകപ്രക്ഷോഭം ശക്തമാക്കും
കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ അതിരൂക്ഷമായിത്തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളെയും കര്‍ഷകപ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചുള്ള സര്‍വ്വകക്ഷി സമ്മേളനം ജൂണില്‍ വിളിച്ചുചേര്‍ത്ത് ശക്തമായ കര്‍ഷകപ്രക്ഷോഭത്തിന് ഇന്‍ഫാം ദേശീയസമിതി തീരുമാനിച്ചു.

കാര്‍ഷികമേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിച്ച കര്‍ഷകപ്രസ്ഥാനമെന്ന നിലയില്‍ കര്‍ഷകരോടുള്ള ചരിത്രപരമായ കടമയും ഉത്തരവാദിത്വവുമാണ് ഇന്‍ഫാം എക്കാലവും നിറവേറ്റുന്നത്. സ്വതന്ത്ര രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഫാം ശക്തമായി തുടരുന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കുടക്കീഴിലാകുവാന്‍ ഇന്‍ഫാമിനെ കിട്ടില്ല. അതേസമയം രാഷ്ട്രീയവും മുന്നണിയും വ്യത്യാസമില്ലാതെ കാര്‍ഷികവിഷയങ്ങളില്‍ ആരുമായും സഹകരിക്കുകയും ചെയ്യും. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളേയും കര്‍ഷക നീതിനിഷേധ പ്രതിഷേധങ്ങളെയും നിസ്സാരവല്‍ക്കരിച്ച് മുഖംതിരിഞ്ഞു നില്‍ക്കുന്ന സമീപനം ഭരണസംവിധാനങ്ങള്‍ സ്വീകരിക്കുന്നത് ക്രൂരതയാണ്.

കര്‍ഷകപ്രസ്ഥാനങ്ങള്‍ ഒറ്റപ്പെട്ട് പ്രാദേശികമായി നടത്തുന്ന സമരപ്രക്ഷോഭങ്ങള്‍ ശക്തിചോര്‍ന്നുപോകുന്നത് കര്‍ഷകരും തിരിച്ചറിയണം. കാര്‍ഷികസംസ്‌കാരവും ആഭിമുഖ്യവുമുള്ളവര്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടുവരണമെന്നും കര്‍ഷകക്ഷേമം ലക്ഷ്യംവെയ്ക്കുന്ന ഇത്തരം മുന്നേറ്റങ്ങളില്‍ ഇന്‍ഫാം പങ്കുചേരുമെന്നും ദേശീയസമിതി വ്യക്തമാക്കി.

ആസിയാന്‍ കരാറിന്റെ ബാക്കിപത്രമായി ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടന തകര്‍ന്നടിയുകയാണ്. 2019-നോടുകൂടി ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുരുമുളക്, കാപ്പി, തേയില, പാമോയില്‍ എന്നിവയുടെ ഇറക്കുമതി നികുതിരഹിതമാകും. റബറിന്റെ ഇറക്കുമതിത്തീരുവയും എടുത്തുകളയുവാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. വാണിജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കര്‍ഷകരെ ബലികൊടുക്കുന്ന ദ്രോഹനടപടിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ഇന്ത്യയിലെ ബഹൂഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകരുടെ സംരക്ഷണത്തിനുവേണ്ടി ആസിയാന്‍ സ്വതന്ത്രവ്യാപാര കരാറില്‍നിന്ന് ഇന്ത്യ പിന്മാറണമെന്നും ദേശീയസമിതി ആവശ്യപ്പെടുന്നു.

ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആര്‍സിഇപി സാമ്പത്തിക കരാറും കാര്‍ഷികമേഖലയ്ക്ക് വെല്ലുവിളിയാണ്. 2017 ജൂലൈയില്‍ ഡല്‍ഹിയിലാണ് അവസാനറൗണ്ട് ചര്‍ച്ച. വിവിധ രാജ്യാന്തര കരാറുകളിലൂടെ കാര്‍ഷികമേഖലയ്ക്ക് വന്‍വെല്ലുവിളിയുയരുമ്പോള്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം നടത്തുവാന്‍ മുന്നോട്ടുവരണമെന്ന് ദേശീയസമിതി അഭ്യര്‍ത്ഥിച്ചു.

റബറിന്റെ ആഭ്യന്തരവില 162 രൂപയില്‍ നിന്ന് 140ലേയ്ക്ക് ഇടിഞ്ഞിരിക്കുന്നു. റബറുല്പാദനം ഏറ്റവും കുറഞ്ഞിരിക്കുന്ന നാളുകളിലെ ഈ സ്ഥിതിവിശേഷം വരുംദിവസങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. സംസ്ഥാനസര്‍ക്കാരിന്റെ 500 കോടിയുടെ വിലസ്ഥിരതാപദ്ധതിയും നിര്‍ജ്ജീവമാണ്.

ആസിയാന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതിച്ചുങ്കം 100 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി വെട്ടിക്കുറച്ച് വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളകിന്റെ അനിയന്ത്രിത ഇറക്കുമതി കുരുമുളക് വിപണിക്കും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള അടയ്ക്കായുടെയും ഇഞ്ചിയുടെയും നികുതിരഹിത ഇറക്കുമതി തുടരുകയാണ്. ശ്രീലങ്കയില്‍ നിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് 8 ശതമാനം മാത്രമായി ചുങ്കം വെട്ടിച്ചുരുക്കിയിരിക്കുന്നു.

നെല്‍ സംഭരണത്തില്‍ 100 കിലോ നെല്ലിന് 7 കിലോ അധികം നല്‍കണമെന്ന നിബന്ധന കര്‍ഷക ചൂഷണമാണ്. സംഭരിച്ച നെല്ലിന്റെ പണം കൃത്യമായി ലഭിക്കുന്ന സാഹചര്യവുമില്ല. ഇതിനെതിരെയുള്ള കര്‍ഷകപ്രതിഷേധത്തെത്തുടര്‍ന്ന് നെല്ല് സംഭരണവും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇടനിലക്കാരും സ്വകാര്യ മില്ലുടമകളും ചേര്‍ന്ന് നാളികേരവിപണിയും അട്ടിമറിച്ചിരിക്കുന്നു. കേരഫെഡ് വഴിയുണ്ടായിരുന്ന തേങ്ങ സംഭരണത്തില്‍ നിന്ന് 2016 അവസാനം സര്‍ക്കാര്‍ പിന്മാറി. നാളികേര വിളവ് കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കൂടിയതും നാളികേരത്തിന്റെ കേരളവിപണിക്കും വെല്ലുവിളിയുയരുന്നു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള അന്തിമവിജ്ഞാപനവും പരിസ്ഥിതിലോലപ്രശ്‌നവും പരിഹരിക്കപ്പെടാതെ തുടരുന്നത് ആശങ്കാജനകമാണ്. 2017 മാര്‍ച്ച് 2ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മൂന്നാം കരടുവിജ്ഞാപനത്തിന്മേല്‍ പൊതുസമൂഹത്തിനു നിര്‍ദ്ദേശം സമര്‍പ്പിക്കുവാനുള്ള കാലാവധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുന്നു. 2017 ഫെബ്രുവരി 23ന് സംരക്ഷിത വനഭൂമി മാത്രമേ പരിസ്ഥിതിലോലമാക്കാവൂയെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശത്തെ ഇന്‍ഫാം സ്വാഗതം ചെയ്യുന്നു. ഈ നിര്‍ദ്ദേശം നടപ്പിലാക്കുവാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ദേശീയസമിതി അഭ്യര്‍ത്ഥിക്കുന്നു.

കൈവശഭൂമിക്ക് അര്‍ഹതയുള്ള കുടിയേറ്റക്കാരായ എല്ലാ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുന്ന നടപടി ത്വരിതപ്പെടുത്തണമെന്നും വന്യജീവികളുടെ ഭീഷണിയില്‍ നിന്നും കൃഷിയേയും കര്‍ഷകരേയും പൊതുസമൂഹത്തേയും സംരക്ഷിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്നും ദേശീയസമിതി ആവശ്യപ്പെട്ടു.