ഇത് ഹൃദയഭേദകം… എന്നാലും കോഹ്‌ലീ…

അമ്പോ!.. ഇത് കഷ്ടം തന്നെ.ഐപിഎല്ലിന്റെ ഈ സീസണില്‍ ലോക ക്രിക്കറ്റിലെ തലതൊട്ടപ്പന്മാര്‍ അണിനിരന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അവസ്ഥ ഇത്തിരി കഠിനം തന്നെ.
കുട്ടി ക്രിക്കറ്റിന്റെ രാജാവ് പതിനായിരത്തിലധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഒരേ ഒരു ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതു തലമുറയിലെ സുല്‍ത്താന്‍, റണ്‍ മെഷീന്‍ വിരാട് കോഹ്‌ലീ, മിസ്റ്റര്‍ 360 ഡിഗ്രി എബി ഡീവില്ലിയേഴ്‌സ്, തികഞ്ഞ ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍, ചതുരംഗക്കളത്തിലെ കരുനീക്കങ്ങളില്‍ നിന്നും ക്രിക്കറ്റ് മൈതാനത്തെത്തി എതിര്‍ ബാറ്റസ്മാന്റെ നീക്കങ്ങള്‍ മാനത്തു കണ്ടു പന്തെറിയുന്ന ചാഹല്‍, ലോകക്രിക്കറ്റിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ടൈമല്‍ മില്‍സ് ഇങ്ങനെ നീളുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരനിര. പക്ഷേ കടലാസിലെ ശക്തി മൈതാനത്തു കാണുന്നില്ല ഇത്തവണ.

തോല്‍വി തുടര്‍ക്കഥയായപ്പോള്‍ ട്രോളുകളും തുടങ്ങി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വരെ ട്രോള്‍ വന്നു.എവിടെയാണ് പിഴച്ചത്? ഇരുത്തി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. സാധാരണ ബൗളിംഗ് ഡിപ്പാര്‍ട്‌മെന്റ് ആണ് തലവേദന.

എന്നാലിത്തവണ ബൗളേഴ്‌സ് ചതിച്ചില്ല. ഒരു പരിധിവരെ അവരെക്കൊണ്ട് ആവുന്നത് അവര്‍ ചെയ്തു. പക്ഷേ ബാറ്റ്‌സ്മാന്‍മാര്‍ നിറം കെട്ടു. വലിയ സ്‌കോറുകളിലേക്ക് നീങ്ങാന്‍ അവര്‍ക്കായില്ല. മാത്രമല്ല സഞ്ജുവിനെയും ഋഷഭ് പന്തിനേയും കരുണ്‍ നായരെയും ഇഷാന്‍ കിഷനെയും പോലെയുള്ള യുവതാരങ്ങള്‍ നിരയില്‍ ഇല്ലാതെയും പോയി. കെഎല്‍ രാഹുലും സര്‍ഫറാസ് ഖാനും പരിക്കുമൂലം പുറത്തും. ആകെയുള്ള മന്‍ദീപ് സിംഗാവട്ടെ കളിച്ചാല്‍ കളിച്ചു.

എന്നാല്‍ കോഹ്‌ലിയെന്ന നായകന്‍ തോല്‍വികളിലും തിരിച്ചടികളിലും പൂര്‍വാധികം ശക്തിയോടെ ആഞ്ഞടിക്കുന്ന ചോരത്തിളപ്പുള്ള യുവത്വമാണെന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ അടുത്ത് നില്‍ക്കുന്ന വേളയില്‍ ഐപിഎല്ലിലെ പരാജയം വീറോടെ പൊരുതാന്‍ കോഹ്‌ലിയെ സഹായിക്കുമെന്ന പ്രതീക്ഷിക്കാം.