വിയന്നയില്‍ ഫാത്തിമ മാതാവിന്റെ ജൂബിലി ആഘോഷം മെയ് 13ന്

വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹം ഫാത്തിമ മാതാവിന്റെ ജൂബിലി ആഘോഷിക്കുന്നു. ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ജൂബിലി വര്‍ഷം പ്രമാണിച്ച് മെയ് 13ന് (ശനി) വിയന്നയിലെ സ്റ്റാഡ് ലൗ നിത്യസഹായ മാതാവിന്റെ ദേവാലയത്തില്‍ മലയാളി കത്തോലിക്കാ സമൂഹവും ആഘോഷം സംഘടിപ്പിക്കും.

പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാന്‍സിസ്‌കോ, ജസീന്താ എന്നിവര്‍ക്കു പ്രത്യക്ഷപ്പെട്ടിട്ട് നൂറു വര്‍ഷം പൂര്‍ത്തിയാവുകയാണ് ഈ വര്‍ഷം. മെയ് 13ന് (ശനി) രാവിലെ 10.30ന് വിശുദ്ധ കുര്‍ബ്ബാനയും, തിരക്കര്‍മ്മങ്ങളും ലദീഞ്ഞിനും മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലൈന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ നടക്കും.

പരിശുദ്ധ ദൈവമാതാവിന്റെ വിശ്വാസവും ക്ഷമയും സഹനശക്തിയും അനുസ്മരിക്കുവാനും മാതൃക അനുകരിക്കുവാനും പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരേയും ക്ഷണിക്കുന്നതായും, നേര്‍ച്ച നിയോഗങ്ങള്‍ എഴുതി സമര്‍പ്പിക്കുവാനും അവസരമുണ്ടായിരിക്കുമെന്നും വനിതാ ഫോറത്തിന്റെ കോര്‍ഡിനേറ്റര്‍ ഷേര്‍ളി തോമസ് കാരക്കാട്ട് അറിയിച്ചു.