ഇന്ത്യയിലെ അച്ചടി മാധ്യമരംഗം സുസ്ഥിര വളര്‍ച്ചയുടെ പാതയിലാണെന്ന് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍

മുംബൈ: ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളും നവമാധ്യമങ്ങളും കടുത്തവെല്ലുവിളി ഉയര്‍ത്തുമ്പോഴും ഇന്ത്യയിലെ അച്ചടി മാധ്യമരംഗം സുസ്ഥിര വളര്‍ച്ചയുടെ പാതയിലാണെന്ന് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ (എ.ബി.സി) റിപ്പോര്‍ട്ട്. പാശ്ചാത്യരാജ്യങ്ങളില്‍ അച്ചടിമാധ്യമങ്ങളുടെ പ്രചാരം ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ അത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകളുടെ വെളിച്ചത്തില്‍ രാജ്യത്തെ പത്രമാധ്യമങ്ങളുടെ പ്രചാരം കണക്കാക്കുന്ന ആധികാരികസ്ഥാപനമായ എ.ബി.സി.യുടെ ചെയര്‍മാന്‍ ഐ. വെങ്കട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് അച്ചടി മാധ്യമങ്ങളുടെ പ്രചാരത്തില്‍ 2.37 കോടി കോപ്പികളുടെ വര്‍ധനയാണുണ്ടായത്. പ്രതിവര്‍ഷം 4.87 ശതമാനമാണ് ശരാശരി വളര്‍ച്ച. എ.ബി.സി.യില്‍ അംഗങ്ങളായ പത്രങ്ങളുടെ ശരാശരി പ്രതിദിന പ്രചാരം 2006 ല്‍ 3.91 കോടി കോപ്പിയായിരുന്നു. 2016ല്‍ അത് 6.28 കോടിയായി ഉയര്‍ന്നു. ഈ കാലയളവില്‍ ഉത്തരമേഖലയില്‍ പ്രതിവര്‍ഷം 7.83 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ മലയാളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖല പ്രതിവര്‍ഷം 4.95 ശതമാനം വളര്‍ച്ച കൈവരിച്ചു.

പ്രസാധനകേന്ദ്രങ്ങളുടെ എണ്ണം പത്തുവര്‍ഷത്തിനിടെ 659 ല്‍നിന്ന് 910 ആയി ഉയര്‍ന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പത്തുവര്‍ഷത്തിനിടെ ജനസംഖ്യയില്‍ 11 ശതമാനംമാത്രം വര്‍ധനയുണ്ടായിടത്താണ് ദിനപത്രങ്ങളുടെ പ്രചാരത്തില്‍ 60 ശതമാനത്തോളം വര്‍ധനയുണ്ടായതെന്നത് എ.ബി.സി. നിര്‍വാഹകസമിതിയംഗം ശൈലേഷ് ഗുപ്ത ചൂണ്ടിക്കാണിച്ചു.

ആഗോള ഓഡിറ്റിങ് സംരംഭമായ കെ.പി.എം.ജി. ഇന്ത്യയുടെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം അച്ചടി മാധ്യമങ്ങളുടെ വിപണിമൂല്യം 30,330 കോടി രൂപയായിരുന്നു. ഒന്നാം സ്ഥാനത്തുള്ള ടെലിവിഷന്റേത് 58,830 കോടി രൂപയും. ദൃശ്യമാധ്യമങ്ങളുടെ വിപണിമൂല്യം പ്രതിവര്‍ഷം 14.7 ശതമാനം കണ്ട് വളരുമെന്നാണു കണക്കാക്കുന്നത്. 7.3 ശതമാനം വാര്‍ഷികവളര്‍ച്ചയാണ് അച്ചടിമാധ്യമങ്ങള്‍ പ്രതീക്ഷിക്കുന്നത്.

20,120 കോടി രൂപയുടെ പരസ്യ വരുമാനമാണ് കഴിഞ്ഞവര്‍ഷം ടെലിവിഷന്‍ രംഗത്തിനുകിട്ടിയത്. 20,130 കോടി രൂപയുടെ പരസ്യവരുമാനവുമായി അച്ചടിമാധ്യമങ്ങള്‍ അല്‍പം മുന്നിലാണ്. 2021ല്‍ ഇത് യഥാക്രമം 39,410 കോടി രൂപയും 29,600 കോടി രൂപയുമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ദൈനിക് ജാഗരണ്‍ എന്ന ഹിന്ദി ദിനപത്രമാണ് 3,921,267 കോപ്പിയുമായി പ്രചാരത്തില്‍ ഒന്നാം സ്ഥാനത്ത്. ഹിന്ദി ദിനപത്രങ്ങളുടെ പ്രചാരത്തില്‍ പ്രതിവര്‍ഷം ശരാശരി 8.76 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ മലയാളം പത്രങ്ങള്‍ പ്രതിവര്‍ഷം ശരാശരി 4.11 ശതമാനം വളര്‍ച്ച കൈവരിച്ചു.

ഇംഗ്ലീഷ് മാധ്യമങ്ങളുടെ പ്രതിവര്‍ഷ വളര്‍ച്ച ശരാശരി 2.87 ശതമാനമാണ്. വാന്‍ ഇഫ്രയുടെ കണക്കനുസരിച്ച് 2015ല്‍ ബ്രിട്ടനില്‍ അച്ചടിമാധ്യമങ്ങളുടെ പ്രചാരത്തില്‍ 12 ശതമാനം ഇടിവുണ്ടായി. അമേരിക്കയില്‍ രണ്ടുശതമാനവും ഓസ്ട്രേലിയയില്‍ ആറുശതമാനവും ഇടിവുവന്നപ്പോള്‍ ഇന്ത്യയില്‍ ആ വര്‍ഷം 12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് എഴുതാനും വായിക്കാനും അറിയാവുന്നവരില്‍ 50 ശതമാനംപേര്‍ മാത്രമാണ് ഇപ്പോള്‍ ദിനപത്രങ്ങള്‍ വായിക്കുന്നതെന്ന് ശൈലേഷ് ഗുപ്ത പറഞ്ഞു. സാക്ഷരതാ നിരക്ക് കൂടിക്കൊണ്ടിരിക്കുകയുമാണ്. ഈ പശ്ചാത്തലത്തില്‍ വരുംവര്‍ഷങ്ങളിലും അച്ചടിമാധ്യമങ്ങളുടെ പ്രചാരത്തില്‍ ഇതേ വര്‍ധന പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.