ചുവന്ന അലുവ

‘അഞ്ജന എമ്മിനെ കാണാന്‍ പുറത്തൊരാള്‍ വന്നിട്ടുണ്ട്.’
കോളേജ് തുറന്നു അധികമായില്ല.അയാള്‍ തന്നെ കാണാന്‍ ഇവിടെയും എത്തിയോ..?
മുമ്പ് പഠിച്ച സ്‌കൂളിലെ അധ്യാപികയുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു പലപ്പോഴും ഞാന്‍ അയാളുടെ മുമ്പിലേക്ക് എത്തിയിരുന്നത്. ചോദ്യങ്ങള്‍ക്ക് മൂളലുകള്‍ മാത്രം മറുപടി നല്‍കി ചിരിച്ചെന്ന് വരുത്തിതീര്‍ത്ത് അവസാനം തരുന്ന സമ്മാനപൊതിയുമായി വേഗം തിരിഞ്ഞു നടക്കും.
മിക്കപ്പോഴും ഒരു ജോഡി ഉടുപ്പും മധുര പലഹാരങ്ങളുമായിരിക്കും അതിനുള്ളില്‍.
അംഗന്‍വാടി വര്‍ക്കറായ അമ്മ മനസ്സറിഞ്ഞു ചിരിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. സംസാരിക്കുന്നതും വളരെ ചുരുക്കം മാത്രം. മുത്തശ്ശിയില്‍ നിന്നും മാമനില്‍ നിന്നുമാണ് ഞാനയാളെ അറിഞ്ഞത്.
കുടിയനും നെറികെട്ടവനുമായി ഈ അമ്മയ്ക്കും മകള്‍ക്കും ഉപദ്രവം മാത്രമായി അയാള്‍ മാറിയപ്പോള്‍ അമ്മയുടെ വീട്ടുകാരാണ് അയാളില്‍ നിന്നും ഞങ്ങളെ പറിച്ചെടുത്തത്. അതില്‍ പിന്നെ അയാളോടുള്ള ദേഷ്യം കൂടി വന്നു. തെറ്റുകള്‍ ഏറ്റുപറഞ്ഞ് പലപ്രാവശ്യം അയാള്‍ വന്നെങ്കിലും അത് സമ്മതിക്കാന്‍ ആരും തയ്യാറായില്ല.
അയാള്‍ എന്നെ കാണുന്ന ഓരോ ദിവസവും വീട്ടുകാര്‍ അയാളുടെ പഴയ കാര്യങ്ങള്‍ എടുത്ത് പറഞ്ഞ് പഴിച്ചു കൊണ്ടിരുന്നു. അമ്മ അപ്പോഴും മൗനം തന്നെ ആയിരിക്കും.
അതില്‍ പിന്നെ ഒരു വീട് എന്നതായി ചുരുങ്ങി അമ്മയുടെ സ്വപ്നം. തുച്ഛമായ ശമ്പളത്തിന് പുറമെ അമ്മ തയ്ച്ചു തീര്‍ത്ത ചുരിദാറുകളും ബ്ലൗസുകളും മുത്തച്ഛന്റെ വിഹിതത്തില്‍ നിന്നും കിട്ടിയ സ്ഥലത്ത് ആ സ്വപ്നത്തെ പച്ചപിടിപ്പിച്ചു കൊണ്ടിരുന്നു.
‘ മോളെ അഞ്ജു’ എന്നുള്ള വിളി കേട്ടാണ് ചിന്തയില്‍ നിന്നും മോചിതയായത്. അയാള്‍ ഇന്ന് കൂടുതല്‍ സുന്ദരനായത് പോലെ തോന്നി. ഒതുക്കി വെട്ടിയ താടിയിലും മീശയിലും സന്തോഷം നിറയുന്നുണ്ടായിരുന്നു. പതിവ് പോലെ ഇന്നും സമ്മാനപ്പൊതിയുമായ് തിരിച്ചു നടക്കുമ്പോഴാണ് ‘വീട് പണി കഴിഞ്ഞല്ലോ’ എന്നയാള്‍ ചോദിച്ചത്.
അമ്മയെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ മറ്റ് വിവരങ്ങളോ ഒരിക്കലും ചോദിക്കാത്ത അയാളില്‍ നിന്നും ഈ ചോദ്യം കേട്ട് ഞെട്ടലോടെ ഞാന്‍ തിരിഞ്ഞു നോക്കി.
‘ ഉം’ എന്നമര്‍ത്തി മൂളിക്കൊണ്ട് പിന്നെയും ഞാന്‍ തിരിഞ്ഞു നടന്നു.
ഹോസ്റ്റലിലെത്തി കെട്ടഴിച്ചപ്പോള്‍ എനിക്കുള്ള സാധനങ്ങള്‍ക്ക് പുറമെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചുവന്ന അലുവ ഒരു വെളുത്ത പൊതിയിലായി അന്നുമതിലുണ്ടായിരുന്നു.
മുറിച്ചുമാറ്റപ്പെട്ട പ്രണയത്തിന് ജീവന്‍ നല്‍കുന്നതാണിതെന്ന് ഇടയ്ക്ക് തോന്നിയിരുന്നു. അലസമായി കിടന്നിരുന്ന മറ്റ് പലഹാരങ്ങള്‍ക്കിടയില്‍ നിന്നും അലുവയുടെ വലുപ്പം കുറഞ്ഞ് വരുന്നതും ഇടയ്‌ക്കൊന്നുരണ്ട് വട്ടം അലുവയുമായി അമ്മയെ കണ്ടതും അത് ശരിവെച്ചു. എങ്കിലും വീണ്ടുമിത് കണ്ടപ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത തോന്നി.
ഫോണെടുത്ത് അമ്മയെ വിളിച്ചു നാളെ വീട്ടിലേക്ക് വരുമെന്ന് മാത്രം പറഞ്ഞു ഫോണ്‍ വെച്ചു.
ബസിലിരുന്ന സമയം മുഴുവന്‍ അച്ഛനെ കുറിച്ചായിരുന്നു ചിന്തിച്ചത്. അഞ്ജന എം എന്നതിലെ എമ്മിനെ മുഴുമിപ്പിക്കാന്‍ മനോജ് എന്നതിനപ്പുറം അയാളും ഞാനുമായി ഒരു ബന്ധവുമില്ലാത്തത് പോലെയാണ്. ആലോചനയില്‍ പോലും അച്ഛന് പകരം ‘ അയാള്‍’ കടന്ന് വന്നു. ഇടയ്ക്ക് അമ്മ അച്ഛനില്‍ നന്മ കാണിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഞാന്‍ തന്നെ അത് ഇല്ലായ്മ ചെയ്തു.
മുത്തശ്ശിയോടൊപ്പം മാത്രം കിടക്കാറുണ്ടായിരുന്ന ഞാന്‍ ഉറങ്ങാന്‍ നേരം അമ്മയുടെ മുറിയില്‍ പോയി ആ കട്ടിലിന് സൈഡില്‍ ഇരുന്നു. ബാഗില്‍ പുസ്തകങ്ങള്‍ക്കിടയില്‍ മറ്റാരും കാണാതെ ഒളിപ്പിച്ച് വെച്ച ചുവന്ന അലുവയുടെ ആ വെളുത്ത പൊതി അമ്മയുടെ മടിയിലേക്ക് വെച്ച് കൊടുത്തു.
തെല്ലത്ഭുതത്തോടെയാണ് അമ്മ എന്നിലെ മാറ്റങ്ങളെ നോക്കിയത്. മുഖത്തേക്ക് നോക്കാതെ അച്ഛന്‍ വന്നല്ലേ എന്ന് മാത്രം ചോദിച്ചു. മറുപടി പറയാനാകാതെ ഞാന്‍ അമ്മയുടെ മടിയില്‍ മുഖം അമര്‍ത്തി ഒരുപാട് കരഞ്ഞു. അമ്മയ്ക്ക് തുണയാവേണ്ട ഈ മോളും ഇത് വരെ അത് നിഷേധിക്കുകയായിരുന്നല്ലോ.
‘ അമ്മേ..’
‘ ഉം..’
‘നമ്മുടെ പുതിയ വീട്ടിലേക്ക് അച്ഛനെയും വിളിക്കാമല്ലേ..?’
അമ്മയുടെ മുഖം താഴ്ത്തുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു.
പുതിയ വീട് വെച്ച് വിലക്കുകള്‍ ലംഘിച്ച് അച്ഛനെ തിരിച്ച് വിളിക്കാനാണ് അമ്മ കാത്തിരിക്കുന്നതെന്ന് ആ കണ്ണ്നീരുകള്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.
‘ എനിക്ക് മനസ്സിലാവുന്നുണ്ടമ്മേ.. അച്ഛനെ ഞാനിപ്പോള്‍ അറിയുന്നുണ്ട്. ആരെതിര്‍ത്താലും അച്ഛനുമമ്മയ്ക്കുമൊപ്പം ഇനി ഞാനുമുണ്ടാവും.
രാവിലെ അമ്മ പതിവിന് വിപരീതമായി സന്തോഷവതിയായിരുന്നു. ഉന്മേഷത്തോടെ വീട് പണികള്‍ തീര്‍ത്ത് ജോലിക്ക് പോയി. അന്ന് വൈകുന്നേരം ഞങ്ങള്‍ കുറെ അധികം സംസാരിച്ചു. ഒരുപക്ഷേ ഇത്രയും നാളിനിടയ്ക്ക് ഞാന്‍ അമ്മയുമായി ചിലവഴിച്ച ഏറ്റവും കൂടിയ സമയം അതായിരിക്കാം.
രാത്രി ഉറങ്ങാന്‍ നേരം ഫോണ്‍ ശബ്ദിക്കുന്നതും മാമന്‍ അധികം സംസാരിക്കാതെ വെക്കുന്നതും കണ്ടു.
‘അമ്മേ … മനോജന്‍ പോയി.’ മുത്തശ്ശിയോടായ് മാമന്‍ പറഞ്ഞു.
‘ ആക്‌സിഡന്റായിരുന്നു.’
‘അമ്മ കട്ടിലില്‍ നിന്നും ഞെട്ടിത്തരിച്ച് എഴുന്നേറ്റിരുന്നു.അമ്മയെ പിടിച്ചു കുലുക്കി ഞാന്‍ ഒരുപാട് കരഞ്ഞെങ്കിലും അമ്മയുടെ കണ്ണുകള്‍ പോലും നിറഞ്ഞില്ല.
ചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ‘അമ്മ കട്ടിലിനടിയില്‍ നിന്നും ഒരു പഴയ പെട്ടിയെടുത്ത് മുത്തശ്ശിക്ക് കൊടുത്തു കൊണ്ട് തുറന്നു.
‘ അമ്മേ ഞാന്‍ വീട് വെച്ച സ്ഥലത്തിന്റെ കാശ് മുഴുവന്‍ ഇതിലുണ്ട്. വീട് വെച്ചത് മനുവേട്ടനാണ്. ഇനി ആ സ്ഥലം കൂടി ഏട്ടന്റേതായിരിക്കട്ടെ.’
അച്ഛന്‍ ചുവന്ന അലുവ പൊതിഞ്ഞു തരാറുള്ള ആ വെളുത്ത കവറുകളിലായി കുറെ നോട്ട് കെട്ടുകള്‍..!
സ്തംഭിച്ച് പോയ മുത്തശ്ശിയും മാമനും മാമിയും അമ്മയെ തന്നെ നോക്കി. തിരിഞ്ഞു നോക്കാതെ അമ്മ മുറിക്കകത്ത് കയറി വാതിലടച്ചു.
കവിഞ്ഞൊഴുകുന്ന കണ്ണുനീരുകള്‍ക്ക് തടയിടാന്‍ എനിക്കും കഴിയുന്നുണ്ടായിരുന്നില്ല. അനശ്വര പ്രണയത്തിന്റെ വേദനിപ്പിക്കുന്ന രണ്ട്മുഖങ്ങള്‍ ആ കണ്ണീര്‍പ്പുഴയില്‍ നീന്തിക്കളിച്ചുകൊണ്ടേയിരുന്നു.