എസ്.ബി.ഐ കഴുത്തറപ്പന്‍ ബ്ലേഡു കമ്പനിയോ ; ഇടപാടുകാരെ കൊള്ളയടിച്ചു തടിച്ചു വീര്‍ക്കാന്‍ ഒരുങ്ങുന്നു : ജൂണ്‍ ഒന്ന് മുതല്‍ ഓരോ എ.ടി.എം ഇടപാടിനും 25 രൂപ നല്‍കണം

തിരുവനന്തപുരം : അസോസിയേറ്റ് ബാങ്കുകളെ വിഴുങ്ങി രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായി മാറിയ എസ്.ബി.ഐ എ.ടി.എം ഇടപാടുകാരെ കൊള്ളയടിക്കാന്‍ വീണ്ടും നീക്കം തുടങ്ങി. ജൂണ്‍ ഒന്നു മുതല്‍ ഓരോ എ.ടി.എം ഇടപാടിനും 25 രൂപയാണ് സര്‍വീസ് ചാര്‍ജ്. ഇനി മുതല്‍ സൗജന്യ എ.ടി.എം ഇടപാടുകള്‍ ഇല്ലെന്ന് എസ്.ബി.ഐ അറിയിച്ചു. നിലവില്‍ ഒരു മാസം അഞ്ചു തവണ എ.ടി.എം സേവനങ്ങള്‍ സൗജന്യമായിരുന്നു. ഈ സേവനം ജൂണ്‍ ഒന്നു മുതല്‍ ലഭിക്കില്ല.

എ.ടി.എം ഇടപാടുകളില്‍ മാത്രമല്ല മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും ഇനി മുതല്‍ സര്‍വീസ് ചാര്‍ജ് നല്‍കണം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എസ്.ബി.ഐ പുറത്തിറക്കി. 20 മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ 5000 രൂപ വരെയേ ഇനി സൗജന്യമായി മാറാന്‍ കഴിയൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറണമെങ്കില്‍ ഒരു നോട്ടിന് രണ്ടു രൂപ വച്ച് അല്ലെങ്കില്‍ 1000 രൂപയ്ക്ക് 5 രൂപ വച്ച് ഈടാക്കാനാണ് നിര്‍ദേശം.

ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍, മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പുതിയ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

ഒരു ലക്ഷം രൂപ വരെ 5 രൂപയും രണ്ടു ലക്ഷം വരെ 15 രൂപയും നികുതി ഏര്‍പ്പെടുത്തും. ബേയ്‌സിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടുകള്‍ ഉള്ളവരുടെ ചെക്ക് ബുക്കിനും പണം ഈടാക്കാന്‍ നിര്‍ദേശിച്ചിണ്ടുണ്ട്. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപ, 50 ലീഫുള്ളതിന് 150 രൂപയും ഇനി നല്‍കണം. ഈ വിഭാഗത്തിലുള്ളവര്‍ക്ക് നാല് എ.ടി.എം സേവനങ്ങള്‍ സൗജന്യമായി അനുവദിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള നടത്തുന്ന ഓരോ ഇടപാടുകള്‍ക്കും 10 രൂപയും മറ്റു ബാങ്കുകളുടെ സേവനങ്ങള്‍ക്ക് 20 രൂപയും ഈടാക്കും.