മദേഴ്സ് ഡേ കാര്‍ഡ് അമ്മയ്ക്കു നല്‍കാതെ അമ്മൂമ്മയ്ക്കു നല്‍കിയ മകന് മര്‍ദനം

സൗത്ത് കരോലിന: മദേഴ്സ് ഡേയ്ക്ക് ഏതൊരു അമ്മയും മക്കളില്‍ നിന്നും ഒരു മദേഴ്സ് ഡേ കാര്‍ഡെങ്കിലും ലഭിക്കണമെന്നു ആഗ്രഹിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ സൗത്ത് കരോലിനയില്‍ ഒരു മാതാവ് തനിക്ക് കാര്‍ഡ് നല്‍കാതെ അമ്മൂമ്മയ്ക്കു നല്കിയതില്‍ കുപിതയായി മകനെ അതിക്രൂരമായി മര്‍ദിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തു.

സ്പാര്‍ട്ടന്‍ ബര്‍ഗിലാണു സംഭവം. ഷോന്റ്റല്‍ മര്‍ഫി എന്ന മുപ്പതുകാരിയായ മാതാവിനെ ചൈല്‍ഡ് ക്രൂവല്‍റ്റിക്ക് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

അമ്മൂമ്മയും അമ്മയും രണ്ടു മക്കളും ഒന്നിച്ചായിരുന്നു ഒരു വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇളയ മകന്‍ കൈകൊണ്ടുവരച്ച ഒരു കാര്‍ഡ് അമ്മൂമ്മയ്ക്ക് നല്‍കുന്നതായി കണ്ട മാതാവ് മകനില്‍ നിന്നും കാര്‍ഡ് ബലമായി പിടിച്ചെടുത്ത് നിലത്തെറിയുകയും തലയില്‍ കഠിനമായ മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോട് മര്‍ദനമേറ്റ ആണ്‍കുട്ടിയുടെ സഹോദരിയാണ് വിവരങ്ങള്‍ പറഞ്ഞത്. നിലത്തുകിടന്ന കാര്‍ഡും കണ്ടെത്തി. കുട്ടിയെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദേഴ്സ് ഡേയില്‍ അമ്മമാര്‍ എത്രമാത്രം അംഗീകാരം ആഗ്രഹിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചെറിയ സംഭവം