ചലച്ചിത്രപ്രവര്‍ത്തകന്‍ ഷിജിനാഥ് അന്തരിച്ചു

തിരുവനന്തപുരം: നാടകനടനും ചലച്ചിത്രപ്രവര്‍ത്തകനും ചലച്ചിത്ര അക്കാദമി ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേറ്ററുമായ നെയ്യാറ്റിന്‍കര ഇലിപ്പോട്ടുകോണം പി. ജി. സദനില്‍ ഷിജിനാഥ് (43) അന്തരിച്ചു.

അഭിനയ തിയേറ്റര്‍ ഗ്രൂപ്പിലെ പ്രധാന നടനായിരുന്ന ഷിജിനാഥ് 29 വിദേശരാജ്യങ്ങളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ കൃഷ്ണമൂര്‍ത്തി, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ നാടകസിനിമാ സംരംഭങ്ങളില്‍ സഹസംവിധായനായിരുന്നു.

കെ. ആര്‍. മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു. 2008 മുതല്‍ ചലച്ചിത്രഅക്കാദമിയുടെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. ഇലിപ്പോട്ടുകോണം പി. ജി. സദനില്‍ പി. ഗോപിനാഥന്‍നായരുടെയും എസ്. രാധാമണിയുടെയും മകനാണ്. ഭാര്യ: ഡോ. ദീപ ഹരിഹരന്‍ (പേരൂര്‍ക്കട, ഗവ. ആശുപത്രി). സഞ്ചയനം ഞായറാഴ്ച 9ന്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, മണിയന്‍പിള്ള രാജു, ഗാന്ധിമതി ബാലന്‍, കെ. ആര്‍. മോഹനന്‍, ആര്‍. ശരത്, വി. കെ. ജോസഫ്, ജി. എസ്. വിജയന്‍, ഭാഗ്യലക്ഷ്മി, ഡോ. കെ. എസ്. ശ്രീകുമാര്‍, പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ നെയ്യാറ്റിന്‍കരയിലെ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് കേരള, അഭിനയ, സൂര്യ, മാനവീയം തെരുവോരക്കൂട്ടം, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ പ്രവര്‍ത്തകരും ആദരാഞ്ജലി അര്‍പ്പിച്ചു.