ഉമ്മന്‍ചാണ്ടിയെ വരവേറ്റ് റിയാദിലെ മലയാളികള്‍

റിയാദ്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ പ്രവാസികാര്യമന്ത്രി കെ സി ജോസഫും ത്രിദന സൗദി സന്ദര്‍ശനത്തിനായി റിയാദില്‍. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഉമ്മന്‍ചാണ്ടിയെയും കെ സി ജോസഫിനെയും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്ന്യധ്യത്തില്‍ റിയാദ് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞികുംബളയുടെ നേതൃത്വത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കി.

പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഷാജി കുന്നികോട് കണ്‍വീനര്‍ ഇസ്‌മൈല്‍ എരുമേലി ഗ്ലോബല്‍ നേതാക്കളായ മജീദ് ചിങ്ങോലി, റസാക്ക് പൂക്കോട്ടുംപാടം,അബ്ദള്ള വല്ലാഞ്ചിറ, ഷാജി സോണ, സലിം കളക്കര,സജി കായംകുളം രഘുനാഥ് പറശിനികടവ്, വിവിധ ജില്ലാ കമ്മറ്റി നേതാക്കള്‍ തുടങ്ങിയവര്‍ നേതാക്കളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഒരു സമയത്ത് കേരളത്തില്‍ തലങ്ങും വിലങ്ങുമായി ഓടിനടന്നു നന്മ ചെയ്ത ഉമ്മന്‍ചാണ്ടിക്ക് റിയാദിലും തിരക്കിട്ട പരിപാടികളാണ് കാത്തിരിക്കുന്നത്. രാവിലെ ഒമ്പതരക്ക് പൊതുമാപ്പുമായി ബന്ധപെട്ട് സുമേഷി തര്‍ഹീലും മലാസ് തര്‍ഹീല്‍ എന്നിവ അദ്ദേഹം സന്ദര്‍ശിക്കും. തുടര്‍ന്ന് എംബസി, കെ എം സി സി ഓഫീസി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഒഐ സി സി നിര്‍വാഹകസമിതിയെ അഭിസംബോധനചെയ്യുന്ന ഉമ്മന്‍ചാണ്ടി മൂന്ന് മണിക്ക് മാധ്യമ പ്രവര്‍ത്തകരെയും കാണും. ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം രാത്രി എട്ടുമണിക്ക് റിയാദ് ഓ ഐ സി സി ഒരുക്കിയിട്ടുള്ള സീകരണസമ്മേളനത്തില്‍ അതിഥിയായി എത്തും.