ജിഷ്ണു പഠിച്ച നെഹ്റു കോളജിനു പണികിട്ടുമോയെന്ന് പേടി: അഞ്ചു കോടിയുടെ ഓഫറുമായി പരസ്യം

തൃശൂര്‍: കേരളത്തിലെ കലാലയങ്ങളില്‍ അടുത്ത കാലത്ത് ഏറെ വിവാദമായ കേസായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണവും അത് നെഹ്റു കോളേജില്‍ ഉണ്ടാക്കിയ പ്രശനങ്ങളും. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തോടെ കോളജിന്റെ കീര്‍ത്തി നഷ്ടമാകുമെന്ന ഭീതിയിലാണ് പാമ്പാടി നെഹ്റു കോളജ് അധികൃതര്‍ ഇപ്പോള്‍.

വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന ആശങ്കയെത്തുടര്‍ന്ന് പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി നെഹ്റു ഗ്രൂപ്പ് രംഗത്തുവന്നിരിക്കുകയാണ്. പ്രതിഛായ വീണ്ടെടുക്കുന്നതിന് കോളജ് അധികൃതര്‍ അഞ്ചു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യമറിയിച്ച് നെഹ്റു ഗ്രൂപ്പ് അധികൃതര്‍ പ്രമുഖ മലയാള പത്രങ്ങളില്‍ പരസ്യം നല്‍കി.

വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യത്തിലാണ് വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവെക്കുന്നത്. ഇവക്കുപുറമെ സംസ്ഥാന എന്‍ട്രന്‍സില്‍ 5000 റാങ്കുവരെ നേടിയവര്‍ ട്യൂഷന്‍ ഫീസായി 5000 രൂപ നല്‍കിയാല്‍ മതിയെന്നും താമസവും യാത്രയും സൗജന്യമായിരിക്കുമെന്നുമുള്ള വാഗ്ദാനങ്ങളും നെഹ്റു ഗ്രൂപ്പ് നല്‍കുന്നുണ്ട്.

അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ക്രൂരപീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന ആരോപണമാണ് കോളജ് അധികൃതരെ കുഴക്കുന്നത്. കോളജില്‍ ഇടിമുറിയുണ്ടെന്നും അനുസരണക്കേട് കാണിക്കുന്നവരെ മര്‍ദിക്കാറുണ്ടെന്നും ജിഷ്ണുവിന്റെ മരണശേഷം സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിപ്പിക്കുന്നതിന് പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി നെഹ്റു ഗ്രൂപ്പ് രംഗത്തുവന്നത്.

ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്നും കോളജ് അധികൃതര്‍ കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങള്‍ സഹപാഠികളും ബന്ധുക്കളും ഉന്നയിക്കുന്നതിനു പിന്നാലെയാണ് പുതിയ പരസ്യം പ്രത്യക്ഷപ്പെട്ടത്. ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ ഡിജിപി ഓഫീസ് സമരത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ വന്‍വിവാദം ഉണ്ടാക്കിയിരുന്നു.