പകര്‍ച്ചപ്പനിയില്‍ കേരളം ; ഡെങ്കിക്ക് പുറമേ എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയും പടരുന്നു

തിരുവനന്തപുരം : പകര്‍ച്ചവ്യാധിയില്‍ നട്ടം തിരിയുകയാണ് കേരളജനത. ഡെങ്കിപ്പനിക്ക് പിന്നാലെ സംസ്ഥാനത്ത് H1 N1 ബാധിതരുടെ എണ്ണവും കൂടുകയാണ്. അതിനിടെ മലപ്പുറത്ത് ഡിഫ്തീരിയ പടരുന്നതായും റിപ്പോർട്ടുണ്ട്. എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണവും കുറവല്ല.
സംസ്ഥാനത്ത് ഇതുവരെ 516 പേർക്കാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. 40 പേർക്ക് മരണം സംഭവിച്ചു. മലപ്പുറത്ത് രണ്ട് പേർക്കു കൂടി ഡെങ്കി ബാധിച്ചതായുള്ള സംശയം ആരോഗ്യവകുപ്പിനുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലായിരുന്നു പകർച്ചപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ മറ്റ് ജില്ലകളിലും രോഗം പടരുന്നുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം, പകർച്ചപ്പനികളെ നേരിടാൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പനി ക്ലിനിക്, പ്രത്യേക പനി വാര്‍ഡുകൾ എന്നിവ തുടങ്ങി. ഒ.പി. സമയം കഴിഞ്ഞ് വരുന്ന പനി ബാധിതരായ കുട്ടികള്‍ക്കായി അത്യാഹിത വിഭാഗത്തില്‍ കൂടുതൽ ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക ചികിത്സ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.