കേരളത്തിലെ മള്‍ട്ടിപ്ലക്സുകളില്‍ ഇനി മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല

മലയാള സിനിമയില്‍ വീണ്ടും തര്‍ക്കവും നിരോധനവും. കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു.  നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കേണ്ട വിഹിതത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ചിത്രങ്ങള്‍  നിരോധിക്കുന്നതില്‍ എത്തിയത്.

എ ക്ലാസ് തിയറ്ററുകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ലഭിക്കുന്ന ലാഭവിഹിതം ആദ്യ ആഴ്ച 60 ശതമാനം, രണ്ടാം ആഴ്ച 55 ശതമാനം, മൂന്നാമാഴ്ച 50 ശതമാനം എന്നിങ്ങനെയാണ്. എന്നാല്‍ മള്‍ട്ടിപ്ലക്സില്‍ ഇത് 50 ശതമാനം, 45 ശതമാനം, 40 ശതമാനം എന്ന നിരക്കിലാണ്. ഇത് മാറ്റണം എന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെടുന്നത്​. ലാഭവിഹിതം എ ക്ലാസ് തിയറ്ററുകളുടെതിന്​ തുല്യമാക്കണമെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം. സി ഐ എ  എന്ന ചിത്രം മാത്രമാണ് ഇപ്പോള്‍ ഇവയില്‍ കളിക്കുന്നത്. ഈ ആഴ്ചയില്‍ പുതുതായി റിലീസ് ചെയ്ത ഗോദ, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക്  നല്‍കിയതുമില്ല.