ഫേസ്ബുക്ക് വഴി ഇനി ആഹാരവും ; തുടക്കം അമേരിക്കയില്‍ ഇന്ത്യയിലും ഉടന്‍ എത്തും

കാലിഫോർണിയ :  ചാറ്റിങ്ങും ലൈക്കിങ്ങും ഷെയറിങ്ങും മാത്രമല്ല ഫേസ്ബുക്ക്  ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും  വരുന്നു. ഫേസ്ബുക്ക് ആപ്പ് വഴി റസ്റ്റോറന്റുകളിൽ നിന്ന് നേരിട്ട് ഭക്ഷണം ബുക്ക് ചെയ്യാനാണ് ഇതോടെ സൗകര്യം ലഭിക്കുക. നിലവിൽ അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഓർഡർ ഫുഡ് ഓഫർ ഇന്ത്യയിലും താമസിക്കാതെ എത്തും.  കൂടാതെ  വാട്സ്ആപ്പ് വെബ്ബിലും ആപ്പിലും ഈ  സൌകര്യം  ലഭിക്കും. വെള്ള, നീല എന്നീ നിറങ്ങളിൽ ഡിസൈൻ ചെയ്തിട്ടുള്ള ഹാംബർ​​​ഗറിന്റെ ചിത്രമുള്ള ഐക്കണായിരിക്കും പുതിയ ഓപ്ഷനെ പ്രതിനിധീകരിക്കുന്നത്. ഫേസ്ബുക്ക് ഉപയോക്താക്കളെ റസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ഡെലിവറി. കോം, സ്ലൈസ്.കോം എന്നിവ വഴി ഡെലിവറി ചെയ്യുന്നതിനും ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. റസ്റ്റോറന്റുകളുടെ പട്ടികയും ആപ്പിൽ പ്രദർശിപ്പിക്കുമെന്ന് ടെക് വെബ്ബ്സൈറ്റായ ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ഫോട്ടോ, ഭക്ഷ്യ വിഭവങ്ങളുടെ വിലവിവരങ്ങൾ, സ്റ്റാർ റേറ്റിം​ഗ് എന്നിവയും ഫേസ്ബുക്കിലെ ഓർഡർ ഫുഡിൽ പ്രദർശിപ്പിക്കും. ഓർഡർ ഫു‍ഡ് ഫീച്ചർ ആരംഭിക്കുന്ന വിവരം ഫേസ്ബുക്കും സ്ഥിരീകരിച്ചിട്ടുണ്ട്. സ്ലൈസ് ആൻഡ് ഡെലിവറി ഡോട്ട് കോമിന്റെ ഫേസ്ബുക്ക് പേജുകൾ വഴി പ്രവർത്തിക്കുന്ന സംവിധാനം നേരത്തെ ഓക്ടോബറിലായിരുന്നു ആരംഭിച്ചത്.