ഡാളസ് ക്ലോക്ക് ബോയ് കേസ് കോടതി ഡിസ്മിസ് ചെയ്തു

വഷിംഗ്ടണ്‍: ക്ലാസ്‌റൂമിലേക്ക് സ്വയം നിര്‍മ്മിച്ച ക്ലോക്ക് കൊണ്ടുവന്നത് ബോംബാണെന്ന് തെറ്റിധരിച്ച് അഹമ്മദ് മുഹമ്മദ് എന്ന പതിനാലുകാരന്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതിനും, മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുന്നതിനും ഇടയായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമര്‍പ്പിച്ചിരുന്ന ലൊസ്യൂട്ട് മെയ് 18 വ്യാഴാഴ്ച ഫെഡറല്‍ ജഡ്ജി സാംലിഡന്‍സി മതിയായ തെളിവുകള്‍ ഹാജരാക്കുവാന്‍ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടികാട്ടി തള്ളി. ഡിസ്‌ക്രിമിനേഷന്‍ നടന്നതായും കരുതുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി. ടെക്‌സസ്സിലെ ഡാളസ് ഇര്‍വിംഗ് സ്‌കൂളില്‍ 2015 സെപ്റ്റംബറിലായിരുന്നു സംഭവം.

ലോകമാധ്യമ ശ്രദ്ധ നേടിയെടുത്ത ഈ സംഭവം മുസ്ലീം മതവികാരത്തെ വൃണപ്പെടുത്തിയതായും, ഡിസ്‌ക്രിമിനേഷന്‍ നടന്നതായും, ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് ലൊസ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്.അഹമ്മദ് മുഹമ്മദിന്റെ ജീവിതത്തില്‍ ഉണ്ടായ മറക്കാനാവാത്ത ഈ സംഭാവത്തില്‍ പ്രസിഡന്റ് ഒബാമ വിദ്യാര്‍ത്ഥിയെ വൈറ്റ് ഹൗസില്‍ വിളിച്ചുവരുത്തി സമന്വയിപ്പിച്ചിരുന്നു.വിധിക്കെതിരെ അപ്പീല്‍ കൊടുക്കുന്നകാര്യം അറ്റോര്‍ണിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.