ജി.എം.എ സംഘടിപ്പിക്കുന്ന ഓൾ യു.കെ നാടക മത്സരവും സംഗീത നിശയും മെയ് 27 – ന് ഗ്ലോസ്റ്റർഷെയറിൽ – ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ക്രിസ്റ്റൽ ഇയർ ആഘോഷിക്കുന്ന ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന നാടക മത്സരം യു.കെ യിലെ നാടക പ്രേമികൾക്കുള്ള സുവർണ്ണാവസരമായി മാറുന്നു. നാടക മത്സരത്തിനും സംഗീത നിശക്കുമുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഗ്ലോസ്റ്റർഷെയർ മലയാളികൾ തികഞ്ഞ ആവേശത്തിലാണ്.

കലാ സാംസ്കാരിക രംഗത്തോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾ മുഖമുദ്രയാക്കിയ ജി.എം.എ യുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണമാണ് ഈ ഇവന്റിലൂടെ ലക്‌ഷ്യം വക്കുന്നത്. ഈ വർഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലപ്പുറം ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. കേരളത്തില്‍ സ്വകാര്യ ആസ്പത്രിയിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളുടെ ശോചനീയാവസ്ഥക്ക്‌, കഴിയും വിധം ഒരു പരിഹാരമായി മാറുന്നതാണ് ജി.എം.എ യുടെ ഈ രംഗത്തെ പരിശ്രമങ്ങൾ. ചാരിറ്റി പ്രവർത്തനങ്ങൾ നിത്യ ജീവിതത്തിന്റെ ഭാഗമായും ശൈലിയായും മാറ്റിയ ജി.എം.എ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണം മാത്രമാണ് കഴിഞ്ഞ ഏഴു വർഷമായി സുഗമമായി നടന്നു വരുന്ന ഈയൊരു സ്വപ്ന പദ്ധതിയുടെ വിജയ ഹേതു.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവരെ 501 പൗണ്ട് ക്യാഷ് അവാർഡ് കാത്തിരിക്കുന്ന ഈ നാടക മാമാങ്കത്തിൽ ലണ്ടൺ മലയാള നാടക വേദി, ലെസ്റ്റർ സൗപർണിക, ഹോളി ഫാമിലി പ്രയർ ഫെല്ലോഷിപ്പ് ചിചെസ്റ്റർ, റിഥം തിയ്യറ്റേഴ്‌സ് ചെൽട്ടൻഹാം, അക്ഷര തിയ്യറ്റേഴ്‌സ് ഗ്ലോസ്റ്റർ തുടങ്ങിയ നാടക ഗ്രൂപ്പുകളുടെ അഞ്ച് നാടകങ്ങൾ രംഗത്തെത്തുന്നു. നാടകമെന്ന കലയെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനും ഇന്ന് ലോകമെങ്ങും നാടക പ്രേമികൾ സജീവമാണ്. അതിന്റെ ഭാഗമാകാൻ കഴിയുന്നതിലുള്ള കൃതാർത്ഥതയിലാണ് ഗ്ലോസ്റ്റർഷെയർ മലയാളികൾ.

കലയുടെ കേളികൊട്ടിനൊപ്പം അവശത അനുഭവിക്കുന്നവർക്ക് സാന്ത്വനമാകാനുള്ള ജി.എം.എ യുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യു.കെ യിലെ പ്രമുഖ സ്ഥാപനങ്ങൾ മുന്നോട്ട് വന്നിരിക്കുന്നു. ഒന്നാം സമ്മാനമായ 501 പൗണ്ട് ബീ വൺ യു. കെ. ലിമിറ്റഡും രണ്ടാം സമ്മാനമായ 251 പൗണ്ട് അലൈഡ് ഫൈനാൻഷ്യൽസും സ്പോൺസർ ചെയ്യുന്നു. മൂന്നാം സമ്മാനമായി 151 പൗണ്ട് സ്പോൺസർ ചെയ്യുന്നത് ടി സി എസ് നഴ്സിംഗ് കൺസൾട്ടൻസി ആണ്. മികച്ച സംവിധായകനും മികച്ച അഭിനേതാവിനുമുള്ള സമ്മാനങ്ങൾ മേക്കര ആക്കിടെക്ച്ചറൽ കൺസൾട്ടൻസിയും സ്പോൺസർ ചെയ്യുന്നു.

നാടകത്തിന്റെ തനതായ ആവിഷ്‌ക്കാര ആസ്വാദന അനുഭവം ഉറപ്പു വരുത്തുന്നതിനായി ഗ്ലോസ്റ്റെർഷെയറിന്റെ നാടകാചാര്യൻ റോബി മേക്കരയുടെ നേതൃത്വത്തിലുള്ള സംഘം അക്ഷീണ പ്രയത്നത്തിലാണ്. ഒപ്പം സംഗീതത്തിന്റെ മാസ്മരികതയിലേക്ക് മാടി വിളിക്കുന്നു ജി.എം.എ ഓര്‍ക്കസ്ട്രയിലെ അനുഗ്രഹീത ഗായകർ.

മെയ് 27 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്കും സംഗീത നിശക്കും വേദിയാകുന്നത് ഗ്ലോസ്റ്ററിലെ റിബ്സ്റ്റന്‍ ഹാള്‍ ഹൈസ്‌കൂളാണ്. ജി.എം.എ പ്രസിഡന്റ് ടോം ശങ്കൂരിക്കൽ, സെക്രട്ടറി മനോജ് വേണുഗോപാൽ, ട്രെഷറർ അനിൽ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചാരിറ്റി ഇവന്റ് ഒരു വൻ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നു. അതിനു പൂർണ്ണ പിന്തുണയുമായി ജി.എം.എ കുടുംബം ഒന്നടങ്കം കൈ കോർക്കുമ്പോൾ ജനിച്ച് വളർന്ന നാടിനോടും സമൂഹത്തിൽ പാർശ്വവൽക്കരി ക്കപ്പെടുന്നവരോടുമുള്ള സാന്ത്വനമായി മാറുന്ന ചാരിതാർഥ്യത്തിലാണ് ഓരോ അംഗങ്ങളും ഒപ്പം ജി.എം.എ യും.

കലയും സംസ്കൃതിയും സംഗീതവുമെല്ലാം, കാരുണ്യ സ്പർശത്തോടെ സമ്മേളിക്കുന്ന ആഘോഷ രാവിലേക്ക് ഏവർക്കും ജി.എം.എ യുടെ സുസ്വാഗതം.