കരളലിയിക്കും ഈ രംഗം: മരിച്ചു കിടക്കുന്ന അമ്മയുടെ മുലപ്പാല്‍ നുകരാന്‍ ശ്രമിക്കുന്ന കുരുന്ന്

ഭോപ്പാല്‍: കണ്ണ് നിറയുന്ന ഒരു കാഴ്ച കണ്ട് സോഷ്യൽ മീഡിയ കണ്ണീരൊഴുക്കി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ഡമായില്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ചു കിടക്കുന്ന അമ്മയുടെ മുല കുടിക്കാന്‍ ശ്രമിക്കുന്ന കുരുന്നിനെ പ്രദേശവാസികളാണ് കണ്ടെത്തിയത്. ഗ്രാമവാസികൾ കണ്ടെത്തിയപ്പോൾ മുലപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കൈയിലെ ബിസ്‌കറ്റ് നുണയുന്നുമുണ്ടായിരുന്നു കുട്ടി.

കാഴ്ചക്കാരില്‍ ചിലര്‍ ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ ഏറ്റെടുത്തു. റെയില്‍വേ പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അമ്മയില്‍ നിന്ന് വേര്‍പെടുത്തിയതോടെ കുട്ടി ബഹളം വെച്ചു. എങ്കിലും പിന്നീട് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മറ്റി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു ബന്ധുക്കളെക്കുറിച്ച് വിവരം അന്വേക്ഷിക്കുകയാണ് പോലീസ് ഇപ്പോൾ.

സ്ത്രീ ട്രെയിനില്‍ നിന്ന് വീണതോ, ട്രെയിന്‍ തട്ടി മരിച്ചതോ എന്നതിൽ വ്യക്തയില്ല. തലയിൽ നിന്നുള്ള സ്രാവമാണ് മരണകാരണം. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിസരവാസികൾ എത്തിയപ്പോഴേയ്ക്കും സ്ത്രീ മരിച്ചതായാണ് വിവരം.

മരണത്തിലും ആ അമ്മ കുട്ടിയെ നെഞ്ചോട് ചേർത്തത്തി പിടിച്ചിരുന്നു. അതുകൊണ്ടാകാം കുട്ടി പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. മരണാവസ്ഥയിലും കുഞ്ഞിനെ രക്ഷിക്കാനായി മുലയൂട്ടുകയും ബിസ്‌കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ടായിരിക്കാം ആ അമ്മ.