തോക്കിന്‍മുനയില്‍ പാകിസ്താനിയെ വിവാഹം കഴിക്കേണ്ടി വന്ന ഇന്ത്യയുടെ മകള്‍ക്ക് സ്വന്തം വീട്ടിലേക്ക് സ്വാഗതമരുളുന്ന സുഷമ സ്വരാജ് (വീഡിയോ)

ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പാകിസ്താനിയെ വിവാഹം കഴിക്കേണ്ടി വന്ന ഡല്‍ഹി സ്വദേശി ഉസ്മ ഇന്ത്യയില്‍ മടങ്ങിയെത്തി. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് വാഗ അതിര്‍ത്തി വഴി ഇന്ന് രാവിലെയാണ് ഉസ്മ തിരിച്ചെത്തിയത്. ഉസ്മയുടെ തിരിച്ചു വരവിലുള്ള സന്തോഷം അറിയിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ‘ഇന്ത്യയുടെ മകള്‍ക്ക് സ്വന്തം വീട്ടിലേക്ക് സ്വാഗതം. നീ കടന്നു പോയ കഷ്ടതകള്‍ക്കെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നു’ സുഷമ ടീറ്റ്വറില്‍ കുറിച്ചു.

തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി പാകിസ്താന്‍കാരനെ വിവാഹം ചെയ്യിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഉസ്മയ്ക്ക് അനുകൂലമായി വിധി കഴിഞ്ഞ ദിവസമാണ് ഇസ്ലമാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഉസ്മയുടെ വിസാ കാലാവധി മേയ് 30ന് അവസാനിക്കുകയാണ്. തഹിര്‍ അലി എന്ന പാകിസ്താനിയാണ് ഉസ്മയെ വിവാഹം കഴിച്ചത്. തന്നെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് വിവാഹം കഴിച്ചതെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും കാണിച്ചാണ് ഉസ്മ കോടതിയെ സമീപിച്ചത്. തന്നെ നിര്‍ബന്ധിച്ച് നിക്കാമ്മയില്‍ ഒപ്പുവയ്പ്പിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.