മയക്കുമരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന രണ്ടുപേര്‍ മയക്കുമരുന്ന് കഴിച്ചു മരിച്ചു

പെന്‍സില്‍വാനിയ: മയക്കു മരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി നേര്‍വഴിക്കു നയിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ടു കൗണ്‍സിലര്‍മാര്‍ അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. പെന്‍സില്‍വാനിയ അഡിക്ഷന്‍ സെന്ററിലാണ് സംഭവം.

ഈ ഫെസിലിറ്റിയില്‍ കഴിഞ്ഞിരുന്ന ആറുപേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി മയക്കുമരുന്നില്‍ നിന്നും മോചനം പ്രാപിക്കുന്നതിനിടയിലാണ് കൗണ്‍സിലര്‍മാരുടെ മരണം. മേയ് 21 ഞായറാഴ്ച നടന്ന സംഭവം ചെസ്റ്റര്‍ കൗണ്ടി അറ്റോര്‍ണി ഓഫിസാണ് പുറത്തുവിട്ടത്.

പെന്‍സില്‍വാനിയ അഡിക്ഷന്‍ സെന്ററില്‍ കഴിഞ്ഞിരുന്ന അന്തേവാസികളാണ് ഞായറാഴ്ച രാവിലെ ഇരുവരും അബോധാവസ്ഥയില്‍ കിടന്നിരുന്ന വിവരം അധികൃതരെ അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ഹെറോയിന്‍, സിറിഞ്ച് തുടങ്ങിയവര്‍ ഇവരുടെ മുറിയില്‍ നിന്നും കണ്ടെടുത്തു.

മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം വര്‍ധിച്ചുവരുന്നുണ്ടെന്നും ഓരോ ദിവസം ശരാശരി 91 പേര്‍ അമേരിക്കയില്‍ ഓവര്‍ ഡോസ് മൂലം മരിക്കുന്നുണ്ടെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തോമസ് ഹോഗന്‍ പറഞ്ഞു.