ഏവരെയും ധന്യരാക്കി വിടപറഞ്ഞ ഫിബിന്‍ പുത്തന്‍പുരയില്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ

ഹൃദ്യമനോഹരമായ ഈ മന്ദസ്മിതം ആ കവിളുകളില്‍ ഇനി നമ്മള്‍ കാണുകയില്ല. അത് പക്ഷെ നമ്മുടെ ഹൃദയങ്ങളില്‍ അനശ്വരമായി പതിഞ്ഞുകഴിഞ്ഞു. 2017ലെ മാതൃദിനത്തിന്റെ തലേ ദിവസം അന്തരിച്ച പുത്രന്റെ വേര്‍പാടില്‍ മാര്‍ട്ടീന എന്ന അമ്മയുടെ ഹൃദയത്തിനേറ്റ ആഘാതം പെട്ടന്നൊന്നും ശമിക്കുകയില്ല.

പക്ഷെ കാലം എന്ന മാന്ത്രികന്‍ ആ പുഞ്ചിരിയുടെ പ്രഭാവത്തില്‍ കുഞ്ഞിക്കാല്‍ കണ്ടതുമുതലുള്ള അനുഭൂതികള്‍ ഓര്‍മയില്‍ കൊണ്ടുവരും, മാര്‍ട്ടീനക്കു ആശ്വാസം നല്‍കും. 2017ലെ വരാന്‍ പോകുന്ന പിതൃദിനം ഫെലിക്‌സ് എന്ന പിതാവിനും ദുഖാര്‍ത്തമായിരിക്കും. പക്ഷെ തനിക്കു താങ്ങും തണലുമായി വളര്‍ന്നുയര്‍ന്നുവന്ന, താന്‍ വിരല്‍ത്തുമ്പില്‍ കൊണ്ടുനടന്ന ആ സീമന്തപുത്രന്‍ തന്റെ അടുത്തുതന്നെ ഉണ്ട് എന്ന ഉറച്ച വിശ്വാസം, അവന്‍ ഉയിര്‍ത്തെണീറ്റുകഴിഞ്ഞു, സമീപത്തുണ്ട്, എന്ന ഇന്ദ്രിയാനുഭവം ഫെലിക്‌സിനെയും അജയ്യനാക്കും.

‘നിന്റെ സഹോദരനായിരിക്കുവാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്’ എന്ന് ഇന്നലെ ചേട്ടന്റെ മുന്‍പില്‍വെച്ചു തന്നെ നമ്മളെ എല്ലാവരെയും സാക്ഷിയാക്കികൊണ്ടു പ്രഘോഷിച്ച ഫ്‌ലെമിംഗ് എന്ന ആ അനുജനില്ലേ …. മനം കുളിപ്പിക്കുന്ന നൃത്തങ്ങള്‍ കാഴ്ചവെക്കുമ്പോഴും ആ കലാഹൃദയത്തില്‍ ചേട്ടന്റെ ഓര്‍മ്മകള്‍ കാണും. കലാവൈഭവം മനുഷ്യമനസ്സിന്റെ അഗാധതയില്‍ ആണ് ഉടലെടുക്കുന്നതെങ്കില്‍, പ്രിയ ഫ്‌ലെമിംഗ്, നിന്റെ ഓര്‍മകളില്‍, നിന്നെ അത്യുച്ച സ്ഥായിഭാവങ്ങളിലേയ്ക്ക് ആനയിക്കാനായി നിന്റെ പ്രിയ ചേട്ടന്റെ ഓര്‍മ്മകള്‍ നിന്നെ തഴുകി വരും.

ഇനി നമ്മളെല്ലാവരും ധന്യരാവുകയാണ്. ഫിബിന്റെ വിടവാങ്ങല്‍ അന്ത്യമായിരുന്നില്ല. ഒരു സുവിശേഷഘോഷക സംഘം ആയി മാറിയിരിക്കുകയാണ് അതില്‍ പങ്കെടുത്ത ഓരോരുത്തരും. ആ ജീവിതം അകാലമായി അവസാനിച്ചു എന്നായിരിക്കരുത് നമ്മുടെ വിലാപം! ആ ജീവിതം കുറഞ്ഞ കാലം കൊണ്ട് നമുക്കെല്ലാം അഗാഹ്യമായ ഒരു ദൗത്യം സഫലീകരിച്ചു കഴിഞ്ഞു എന്നായിരിക്കണം നമ്മുടെ അനുമാനം.

സനാതനമായ സമയം എന്ന പ്രതിഭാസത്തില്‍ പത്തോ ഇരുപതോ എഴുപതോ നൂറോ വര്‍ഷങ്ങള്‍ എല്ലാം സമം; ഒന്ന് പുഞ്ചിരിച്ചിട്ടുണ്ടോ, ഒരു പുഞ്ചിരിക്ക് ഇട വരുത്തിയിട്ടുണ്ടോ എന്നത് മാത്രമാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്.

ഫിബിന്റെ ആ പുഞ്ചിരിയെ ആവഹിച്ചുകൊണ്ടു, ആ ജീവിതത്തിലെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടു, നമ്മുടെ ഓര്‍മകളില്‍ ഫിബിന്‍ ഉത്ഥാനം ചെയ്തു കഴിഞ്ഞു എന്ന സുവിശേഷം ഉള്‍കൊള്ളാന്‍ ഭാഗ്യം ലഭിച്ച നമ്മളെല്ലാവരും ധന്യരാണ്. നമ്മളെ ധന്യരാക്കി കടന്നു പോകുന്ന ഫിബിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം!