ഐസ് ക്യൂബ് നല്‍കിയ ഓര്‍മ്മ

ചെമ്പറക്കിയെന്ന കൊച്ചു ഗ്രാമത്തില്‍ വളര്‍ന്ന എനിക്ക്
നോമ്പ് എന്നാല്‍ നാടിന്റെ കൂടെ ഓര്‍മ്മയാണ് ….

തെളിഞ്ഞ പ്രഭാതത്തില്‍ പെറുക്കിയെടുത്ത
ചക്കര മാമ്പഴം മുതല്‍ വവ്വാല്‍ ബക്കിയാക്കിയ പേരക്കയും,കശുമാങ്ങയും അടങ്ങിയതായിരുന്നു നോമ്പ് തുറ വിഭവങ്ങള്‍
ബാല്യത്തിലെ കൊതിപൂണ്ട മനസ്സുമായി ഉമ്മാനോട് ഇടക്കിടെ നോമ്പ് തുറക്കേണ്ട
സമയം ചോദിച്ചു കൊണ്ടേയിരിക്കും
ഉമ്മയുടെ സാന്ത്വനം എന്നില്‍ വലിയ നോയമ്പുകാരനെ സൃഷ്ടിക്കും

നോമ്പ് തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുന്നേ ഉമ്മ ചെറിയ തൂക്ക് പാത്രം കയ്യില്‍ വെച്ച് തരും; ഐസ് വാങ്ങാനുള്ള പാത്രമാണ് …. നോമ്പ് തുറക്കുമ്പോള്‍ ഒരു തണുത്ത നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ സുഖം അന്നും ഇന്നും മറ്റൊന്നിനും നല്‍കാന്‍ സാധിച്ചട്ടില്ല എന്നത് പരമ സത്യമായി നില നില്‍ക്കുന്നു

നാട്ടില്‍ അന്ന് ഫ്രിഡ്ജുള്ളത് അമ്മിണി ചേച്ചിയുടെ വീട്ടില്‍ മാത്രം ആളൊരു ഗ്രാമ സേവിക കൂടിയാണ്

വീടിനല്‍പം മാറി ഒരു പാടശേഖരമാണ് അതിനോട് ചേര്‍ന്ന് ഒരു വലിയ പഞ്ചായത്ത് കുളം അതിനരികിലൂടെയാണ് ഐസിനായുള്ള യാത്ര; പാടത്തിന് നടുവിലൂടെ ഒഴുകുന്ന ചെറിയ തോട്ടിലൂടെ വെള്ളം തെറിപ്പിച്ച് അമ്മിണി ചേച്ചിയുടെ വീട്ടിലെത്തുമ്പോഴേക്കും പലരും ഐസ് വാങ്ങി പോയിട്ടുണ്ടാകും പക്ഷെ എന്റെ വീതം അപ്പോഴും ബാക്കിയുണ്ടാകും

റമളാനായാല്‍ അമ്മിണി ചേച്ചി ഐസ് കട്ടകളുടെ എണ്ണം കൂടുതലാക്കും; ചുറ്റും മുസ്ലീം വീടുകളായത് കൊണ്ട് അവരുടെ ആവശ്യം കണ്ടറിഞ്ഞായിരുന്നു ചേച്ചിയുടെ ആ നല്ല പ്രവൃത്തി ..

കാലമിത്ര ഒഴുകി പോയെങ്കിലും അമ്മിണി ചേച്ചി നല്‍കിയ ഐസ് ക്യൂബുകളുടെ തണുപ്പ് ഗ്രാമത്തിന്റെ നന്മയായി നെഞ്ചില്‍ മായാതെ ഇന്നും നില നില്‍ക്കുന്നു