ഇന്ത്യയൊട്ടാകെ സവര്‍ണ്ണ,ബ്രാഹ്മണ സംസ്‌കാരം വ്യാപിപ്പിയ്ക്കാനുള്ള ബി.ജെ.പി ശ്രമമാണ് മാംസത്തിനായി കന്നുകാലി വില്‍പ്പനയെ നിരോധിച്ചുള്ള പുതിയ നിയമം: നവയുഗം

ദമ്മാം: ഇന്ത്യയൊട്ടാകെ ഹിന്ദുമതത്തിലെ സവര്‍ണ്ണ ബ്രാഹ്മണ സംസ്‌കാരം അടിച്ചേല്‍പ്പിയ്ക്കാനുള്ള മോഡി സര്‍ക്കാരിന്റെ പരോക്ഷനീക്കമാണ്, മാംസത്തിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള പുതിയ നിയമം വഴി നടപ്പാക്കാന്‍ ശ്രമിയ്ക്കുന്നതെന്ന് നവയുഗം സാംസ്‌കാരികവേദി കൊദറിയ ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ രാഷ്ട്രീയപ്രമേയത്തിലൂടെ ആരോപിച്ചു.

കേരളവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും നടപ്പാക്കാന്‍ മടിച്ച ബീഫ് നിരോധനം പരോക്ഷമായി അടിച്ചേല്‍പ്പിയ്ക്കുക എന്ന ഉദ്ദേശത്തിനു പുറമെ, കന്നുകാലി കച്ചവടവും, മാംസവ്യാപാരവും ഉപജീവനമായി കൊണ്ടുനടക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ച്, പൂര്‍ണ്ണമായും ബി.ജെ.പി അനുഭാവികള്‍ നിയന്ത്രിയ്ക്കുന്ന മാംസ വ്യാപാര കയറ്റുമതി കുത്തകകമ്പനികളുടെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ത്തു കൊണ്ട്, സംസ്ഥാനങ്ങളുടെ അധികാരത്തിന്മേല്‍ കടന്നുകയറ്റമായ, ഈ നിയമത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതേണ്ടത് ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളുടെ കടമയാണ് എന്ന് പ്രമേയം ഓര്‍മ്മിപ്പിച്ചു.

ദമ്മാം കൊദറിയയില്‍ വിനീഷ് മിഡിലീസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യൂണിറ്റ് കണ്‍വെന്‍ഷന്‍, നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം നേതാക്കളായ സാജന്‍ കണിയാപുരം, അഷറഫ് തലശ്ശേരി, നഹാസ് എ.കെ.എം എന്നിവര്‍ ആശംസപ്രസംഗം നടത്തി. ബാബുക്കുട്ടന്‍ സ്വാഗതവും, ശ്രീകുമാര്‍ കായംകുളം നന്ദിയും പറഞ്ഞു.

യൂണിറ്റ് രക്ഷാധികാരിയായി പ്രസന്നനെയും, പ്രസിഡന്റായി രാജന്‍ പിള്ളയെയും, വൈസ് പ്രസിഡന്റായി ബാബുക്കുട്ടന്‍ ആയൂര്‍, ബിജീഷ് ഹരി എന്നിവരെയും, സെക്രട്ടറിയായി ശ്രീകുമാര്‍ കായംകുളത്തേയും, ജോയിന്റ് സെക്രട്ടറിയായി രതീഷ് പെരുമ്പാവൂര്‍, റഷീദ് എന്നിവരെയും ഖജാന്‍ജിയായി വിനീഷ് മിഡിലീസ്റ്റിനെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു. റോഷിന്‍ പ്രാവി കൊല്ലം, സൈഫുദീന്‍ ഓച്ചിറ, സുമീഷ് ചേര്‍ത്തല, സനല്‍ എടപ്പാള്‍, നന്ദു കൊല്ലം, റെജി പത്തനംതിട്ട, മോഹന്‍ദാസ് ഷൊര്‍ണ്ണൂര്‍, സജീവന്‍ തൃശൂര്‍, തോമസ് മനപുള്ളി, റഷീദ് മല്ലാപുരം, മണിലാല്‍ തിരുവനന്തപുരം എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.