ഉറുമാലിലൊളിപ്പിച്ച നോമ്പോര്‍മ്മകള്‍

നോമ്പോര്‍മ്മകളിലേക്ക് മനസിനെ കടിഞ്ഞാണയിച്ച് വിടണമെന്ന് കരുതിയാണ് എഴുതാനിരുന്നത് പക്ഷേ മനസ് അഴിഞ്ഞ് പോവാതെ ഒരു കുറ്റിയില്‍ തന്നെ വട്ടം കറങ്ങുകയാണ്..

വര്‍ഷങ്ങള്‍ക്കപ്പുറമുള്ള റമളാന്‍ മാസത്തിലാണ് മനസുള്ളത്,മാനത്ത് പിറകണ്ടെന്ന് ഉറപ്പ് വരുത്താറുണ്ടായിരുന്നത് ഏഴ് മണിക്കുള്ള ആകാശവാണി വാര്‍ത്തയിലൂടെയായിരുന്നു..

പിന്നെ ചുറ്റിലുമുള്ള പള്ളികളില്‍ നിന്നും പ്രാര്‍ത്ഥനയുടെ മന്ത്രങ്ങളിലേക്ക് ആളുകള്‍ തിരക്കിട്ട് ചെല്ലുന്നു പാപങ്ങളുടെ മുക്തിക്കായ് മനസിനേയും ശരീരത്തേയും സ്വാംശീകരിച്ച്..

വീടകങ്ങളിലെ സ്തീകളിലാണ് വ്രതം ആദ്യം തുടങ്ങുന്നതെന്ന് തോന്നിയിട്ടുണ്ട്.,റമളാന്‍ മാസത്തെ സ്വീകരിക്കാനായ് അടുക്കളയേയും വീടീനേയും ആദ്യമവരാണ് ഒരുക്കി നിര്‍ത്തുന്നത്.

പള്ളികളുടെ മിനാരങ്ങളും നിറം പിടിപ്പിച്ച് പുതിയ മുസല്ലകള്‍ വിരിച്ച് പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തിനുമൊരു പുതുമ നല്‍കുന്നു..

”ഈ പ്രാവശ്യം ഖത്തം തീര്‍ക്കണേ…”

പള്ളിയിലേക്ക് തറാവീഹ് നിസ്കാരത്തിനായ് ബാപ്പയുടെ കെെ പിടിച്ച് നടന്ന് നീങ്ങുമ്പോള്‍
തലയിലുറുമാല്‍ കെട്ടിത്തരുമ്പോള്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു.

അത്തറ് മണക്കുന്ന പെരുന്നാള്‍
വസ്ത്രത്തിന്റെ ഓര്‍മ്മയിലേക്കുള്ള അടയാളപ്പെടുത്തലുകളാണത്.

ഇഷാ നമസ്കാരത്തിന് ശേഷം തറാവീഹ് നമസ്കാരത്തിനായ് ഇമാം എഴുന്നേല്‍ക്കുമ്പോള്‍ ആദ്യത്തെ സ്വഫില്‍ ബാപ്പയോട് ചേര്‍ന്ന് നിന്ന്
ഒരോ രണ്ട് റകഅത്തിലും സലാം ചൊല്ലുമ്പോഴും തെന്നിമാറിയ ഉറുമാല്‍ നേരയാക്കി തരും ബാപ്പ ദിക്റ് ചൊല്ലുമ്പോഴും അധരത്തില്‍ വിരിയുന്ന
വാത്സല്യച്ചിരിയാല്‍.

തറാവീഹിന് ശേഷം ഖബര്‍സ്ഥാനിനോട് ചേര്‍ന്നുള്ള വഴിയിലൂടെ നടക്കുമ്പോള്‍ കൂട്ടിനായ് കൂട്ടുകാരുമുണ്ടയിരുന്നു ഒറ്റയും തെറ്റയുമായ് സൊറപറഞ്ഞ്.

കാലം ബാല്യത്തില്‍ നിന്നും യൗവ്വനത്തിലേക്ക് വേഗത്തിലാണ് തള്ളിയിട്ടത്,ബാപ്പയുടെ കെെഅകലം കൂടിയതും അവിടം മുതലാണ്..

മുന്നിലെ സ്വഫില്‍ നിന്നും പിന്നിലേക്കായ് പിന്നീടുള്ള തറാവീഹ്,എങ്കിലും ഒരോ സലാം വീട്ടലിനപ്പുറവും കണ്ണുകളാല്‍ തിരയും ബാപ്പ.

നിസ്കാരത്തിന്റെ റകഅത്തുകളുടെ എണ്ണം കുറഞ്ഞ് പള്ളിയിലെ തൂണിന് മറവിലേക്ക് പിശാച്‌ വലിച്ചിരുത്താന്‍ തുടങ്ങി.

യൗവ്വനത്തോട് പിശാചിന് അടുപ്പമേറേയാണല്ലോ…!

അത്താഴത്തിന് ചൂട് ചോറും ,ചമ്മന്തിയും
മോര് കറിയുമായ് ഉമ്മ വിളിച്ചെഴുന്നേല്‍പ്പിക്കും.

സുബഹി മുതല്‍ അസര്‍ വരെ ഇമാമിനൊപ്പം

നിരത്തി വെച്ച പലഹാരങ്ങളുടെ മുന്നില്‍ മഗ്രിബ് ബാങ്കിന് കാത്തിരുന്ന് നോമ്പ് തുറയിലേക്ക്.

ഒറ്റയോട്ടത്തിന് പള്ളിയിലേക്ക് ചെന്നെത്തും വീണ്ടും..

മുപ്പത് ദിനരാത്രങ്ങള്‍ക്കപ്പുറം ശവ്വാലമ്പിളി പെരുന്നാളിനെ സലാം ചൊല്ലി വിളിക്കുന്നു
സന്തേഷങ്ങളുടെ പെരുന്നാള്‍ രാവ്,
ഉറക്കമില്ലാത്ത രാത്രിക്കപ്പുറം മെൊഞ്ചിയുടേയും പുത്തനുടുപ്പിന്റേയും മണമായ് മാറുന്നു.

ഓര്‍മ്മകളിലെ നോമ്പിന്റെ ചിത്രമിതാണ്.

ഇന്നിലേക്ക് വരുമ്പോള്‍ നോമ്പ് സന്തോഷങ്ങളോടൊപ്പം ദുഃഖസ്മരണകളുമാണ്..

വീടെന്നത് ഓര്‍മ്മകളായ് മാറ്റി ജീവിതത്തിന്റെ അറ്റങ്ങളെ കണ്ണി വിടാതെ ചേര്‍ത്ത് വെക്കാനുള്ള
ശ്രമത്തില്‍ ,പള്ളികളിലെ നോമ്പ് തുറകളിലേക്ക് പറിച്ച് നടപ്പെടുന്നു.

പ്രവാസമായും പ്രതീക്ഷയായും..

മണലാരണ്യത്തില്‍ നാലു ചുമരുകളില്‍ ഇഹ്തികാഫിലാവുന്നു. ഹൃദയം കൊണ്ട് പ്രാര്‍ത്ഥനകളുരുവിട്ട്.

ഓര്‍മ്മകളുടെ ചില്ലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നനവോര്‍മ്മകളുമുണ്ട് കൂടെ ഉണ്ടായിരുന്നിട്ടും
ഒറ്റത്തുള്ളിയാല്‍ മാഞ്ഞ് പോയ ചിലര്‍.

വെളുത്ത കാച്ചിക്കുപ്പായവും,പുള്ളിത്തുണിയുമുടുത്ത് ചുണ്ടില്‍ ദിക്റുകളും കെെയ്യിലൊരു തസ്ബീഹ് ഭാലയുമായ് തറവാട്ടു കോലായുടെ കോണിലിരിക്കുന്ന ഉമ്മാമ..
വലിയ ശരീരവുമായ് പള്ളിയിലേക്ക് നടന്ന് പോവാറുണ്ടായിരുന്ന എളാപ്പ,പരിചിതരായ പല മുഖങ്ങള്‍ ഇന്നോര്‍മ്മ മാത്രമാണ്.

കബറിനുള്ളില്‍ പൂര്‍ണ്ണ വ്രതത്തിലാണവര്‍.

അടുത്ത നോമ്പ് കാലത്ത് ആരെല്ലാമീ ലോകത്ത് ശിഷ്ടരാവുമെന്ന് ഉടയവനല്ലാതെ മറ്റാര്‍ക്കുമറിയില്ല.

ഇനിയല്‍പ്പം വിശപ്പിന്റെ ചേരുവകളും കൂടെ ചേര്‍ക്കുന്നു.

”റമദാന്‍ എന്നത് വയറു നിറച്ച് ഉണ്ണുന്നവന്റെ തിരിച്ചറിവാണ്,ചുറ്റിലും വിശപ്പ് ഭക്ഷണമാക്കിയവന്റെ രുചിയുടെ തിരിച്ചറിവ്.”

ശരീരവും മനസും ആത്മാവും സംശുദ്ധീകരിക്കാനും തുടര്‍ന്ന് പോവാനുമുള്ള അവസരമാണ് ഓരോ നോമ്പുകാലവും നല്‍കുന്നത്.

സൂര്യോദയത്തിന് മുന്നേ തുടങ്ങുന്ന വ്രതം
സൂര്യാസ്തമയത്തിനപ്പൂറം ഭക്ഷണത്താല്‍ നിറക്കാനുള്ളതല്ല വ്രതം.

ശുദ്ധമാക്കപ്പെടലാണ്.

ശരീരവും
മനസും.

പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണമാവണം.

ചെയ്ത് പോയ പാപങ്ങളുടെ മേല്‍ മാപ്പിരക്കലും ഇനിയാവര്‍ത്തിക്കില്ലെന്ന ഉറപ്പ് വരുത്തലുമാവട്ടെ പ്രാര്‍ത്ഥനകളുടെ അടിസ്ഥാനം.

നോമ്പിന്റെ ആഘോഷങ്ങള്‍ കുഴിച്ച് മൂടപ്പെടുന്ന ഭക്ഷണമാവതിരിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

കാരണം നാം കാരണമൊരുവന്‍ പട്ടിണി കിടക്കുമ്പോള്‍ ഹൃദയമെങ്ങിനെ ശുദ്ധീകരിക്കുന്നത് ..!

തന്റേയും കുടുംബത്തിന്റേയും മഹിമ വെളിപ്പെടുത്തേണ്ടത് നിരത്തി വെച്ച തളികയിലെ ഭക്ഷണം കൊണ്ടല്ല,മറിച്ച് ആര്‍ദ്രമായ നോട്ടങ്ങളിലൂടേയൂം കരുണയുള്ള പ്രവര്‍ത്തികളിലൂടെയുമാണ്.

പരമകാരുണ്യവാന്റെ നോട്ടം ഹൃദയത്തിലേക്കണ്.!

ആയിരം രാവുകളേക്കാള്‍ പുണ്യമേറിയ രാവുകളാണ് നമുക്കയ് കാത്തിരിക്കുന്നത്
അധികരിപ്പിക്കുന്ന ഖുര്‍-ആന്‍ പരായണത്തിനൊപ്പം അര്‍ത്ഥങ്ങളേയും മനനം ചെയ്യുക.

സകാത്തുകള്‍ വരി നിന്ന് വാങ്ങുന്നവന്റെ
ഹൃദയത്തെ മുറിവേല്‍പ്പിക്കും,അര്‍ഹരായവര്‍ക്ക്
അവരുള്ളിടത്ത് കൊണ്ടെത്തിക്കലാവണം
സകാത്തുകള്‍ .

വലം കെെ നല്‍കുന്നത് ഇടം കെെ അറിയരുതെന്ന പ്രവാചകന്റെ വചനം യഥാര്‍ത്ഥ്യമാക്കുന്നതിലൂടെ ഹബീബിനോടുള്ള സ്നേഹം പ്രവര്‍ത്തിയാല്‍ ഊട്ടിയുറപ്പിക്കാം.

സൂര്യോദയത്തിന് മുന്‍പ് തുടങ്ങുന്ന വ്രതം സൂര്യാസ്തമയത്തോടെ അവസാനിപ്പിക്കുമ്പോള്‍
നിരത്തി വെച്ച ഭക്ഷണത്തിനോടുള്ള ആര്‍ത്തിയാവരുത്.വിശപ്പിന്റെ രുചിയറിഞ്ഞവനോടുള്ള കൂടിച്ചേരലാവട്ടെ ഓരോ നോമ്പും.

ആത്മീയ സംസ്കരണത്തിനുള്ള അവസരമാണ് ഓരോ നോമ്പ് കാലവും

നാവിനേയും ,കണ്ണുകളേയും,ചെവികളേയും
സൂക്ഷിച്ച് വെക്കുക.

പുഞ്ചിരി പോലും സദകയാണെന്ന് ഓര്‍മ്മിക്കുക.

ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ ശരീരം ശുദ്ധമാവുമ്പോള്‍,ആത്മ സംസ്കരണത്തിലൂടെ ഹൃദയം ശുദ്ധികരിക്കപ്പെടുന്നത് കരുണയുള്ള പ്രവര്‍ത്തികളിലൂടെയാണ്.

പ്രാര്‍ത്ഥനക്കൊപ്പം പ്രവര്‍ത്തികളും ചേരുന്നതാവട്ടെ ഈ നോമ്പുകാലം.
തസ്ബീഹ് മാലയില്‍ ഹൃദയവും കൊരുത്തെടുത്ത്.