ചുമട്ടുതൊഴിലാളിയായ അച്ഛനെ കുറിച്ച് അഭിമാനത്തോടെ പുരസ്‌കാരദാന വേദിയില്‍ മകന്‍; പിതാവിനെ വേദിയിലേക്ക് ക്ഷണിച്ച് ആദരമറിയിച്ച് മമ്മൂട്ടി

കൊല്ലം: അവാര്‍ഡ് വേദിയില്‍ തനി നാട്ടുമ്പുറത്തുകാരനായി ഒരാള്‍.ചുമട്ടുതൊഴിലാളിയായ തന്റെ അച്ഛനെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞ് അവാര്‍ഡ് ഏറ്റുവാങ്ങി വരുണ്‍ ചന്ദ്രന്‍.
കൈരളി ടിവിയുടെ അവാര്‍ഡ് ഏറ്റു വാങ്ങി വരുണ്‍ ചന്ദ്രന്റെ തന്റെ കോര്‍പ്പറേറ്റ് 360 എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിജയ രഹസ്യം പങ്കുവയ്ക്കുന്നതിനിടെയാണ് ചുമട്ടുത്തൊഴിലാളിയായ പിതാവ് ബാലചന്ദ്രനേയും മുത്തശിയേയും കടബാധ്യതമൂലം നാടുവിട്ട അമ്മയേയും കുറിച്ചൊക്കെ വരുണ്‍ മനസ്സ് തുറന്നത്.

വേദിയില്‍ നടന്‍ മമ്മൂട്ടിയും മുകേഷും ഉള്‍പ്പെടെ പ്രമുഖര്‍ ഇരിക്കവേയാണ് വരുണ്‍ തന്റെ അച്ഛനെ കുറിച്ച് വാചാലനായത്.എന്റെ വല്ല്യമ്മയ്ക്ക് നാട്ടില്‍ വാറ്റുചാരായം വില്‍ക്കുന്ന പണിയായിരുന്നു. വന്‍ ചാരായക്കച്ചവടമായിരുന്നു. അവരുടെ മകന്‍ ബാലചന്ദ്രന്‍ അതായത് എന്റെ അച്ഛന്‍ പിന്നീട് അത് ഏറ്റെടുത്തു.

എന്റെ അച്ഛന്‍ ചുമട്ടുതൊഴിലാളിയായി. ഞാനും അങ്ങനെ ആകണമെന്ന് ആഗ്രഹിച്ചു. ചുമട്ടുത്തൊഴിലാളിയുടെ മകനായതുകൊണ്ട്. ചുമട്ട്‌തൊഴിലാളിയാകാന്‍ കൊതിച്ച താനിന്ന് തൊഴില്‍ ദാതാവായതിന് പിന്നില്‍ പാഠം എന്ന ഗ്രാമാണെന്നും ഇപ്പോള്‍ നിലാരംബരായ നിരവധി പേര്‍ക്ക് സഹായം ചെയ്യാന്‍ തന്റെ സ്ഥാപനത്തിന് കഴിയുന്നുണ്ടെന്നും വരുണ്‍ പറഞ്ഞു.

തന്റെ പിതാവ് ചുമട്ട്‌ത്തൊഴിലാളിയാണെന്ന് വരുണ്‍ ചന്ദ്രന്‍ അഭിമാനത്തോടെ പറഞ്ഞതു കേട്ട് ആ പിതാവിനെ നടന്‍ മമ്മൂട്ടി വേദിയിലേക്ക് ക്ഷണിച്ച് ഒപ്പം നിര്‍ത്തി സദസിനു വേണ്ടികൂടി ആദരം അറിയിച്ചു.

‘വരുണിന്റെ അച്ഛന്‍ ഇപ്പോഴും കൂപ്പില്‍ ജോലി ചെയ്യുന്നു. കണ്ടോ ബാലചന്ദ്രന് എന്നേക്കാള്‍ കൂടുതല്‍ മസിലുണ്ട്’ ചിരിയോടെ മമ്മൂട്ടി അത് പറഞ്ഞപ്പോള്‍ സദസില്‍ നിറഞ്ഞ കയ്യടി. തന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ഓരോന്നും തികഞ്ഞ ചിരിയോടെയാണ് വരുണ്‍ വേദിയില്‍ പറഞ്ഞത്.