പ്ലസ് ടു പരീക്ഷ കുടുംബത്തോടെ എഴുതി; അമ്മയും മകനും ജയിച്ചു, അച്ഛന് തോല്‍വി..
ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഒരുമിച്ച് പ്‌ളസ് ടു പരീക്ഷ എഴുതിയപ്പോള്‍ അച്ഛന്‍ തോറ്റു മകനും അമ്മയ്ക്കും ജയം. കൊല്‍ക്കത്തയിലെ മൊണ്ടാല്‍ കുടുംബത്തിലെ മൂന്ന് പേരാണ് ഒരുമിച്ച് പരീക്ഷയെഴുതി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പശ്ചമിബംഗാളിലെ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നത്. ഹന്‍സ്ഖലിയിലെ മൊണ്ടാല്‍ കുടുംബത്തിലെ 42 വയസ്സുകാരന്‍ ബലറാം, ഭാര്യ കല്ല്യാണി, മകന്‍ ബിപ്പ് ലാപ്പ് എന്നിവര്‍ നാദിയാ ജില്ലയിലെ ദണ്ഡാല ഹസ്രപ്പൂര്‍ സ്‌കൂളില്‍ ഒരേ ക്ലാസ്സ് മുറിയില്‍ ഇരുന്നാണ് പഠിച്ചത്. ഒരുമിച്ചു പഠിക്കാനും പുസ്തകചെലവ് ഒഴിവാക്കാനുമായി മൂന്ന് പേരും പഠിച്ചതും ഒരു വിഷയം തന്നെയായിരുന്നു. ബിപ് ലാപ്പ് ട്യൂഷന്‍ സെന്ററില്‍ നിന്ന് പഠിച്ച ശേഷം വീട്ടില്‍ വന്ന് അച്ഛനെയും അമ്മയെയും പഠിപ്പിക്കാറായിരുന്നു പതിവ്.ആടു മേയ്ക്കല്‍ ജോലി ചെയ്തിരുന്ന കല്യാണി തന്റെ ആടുകളെ മേയാന്‍ വിട്ട ശേഷം മരത്തിന്റെ ചുവട്ടിലിരുന്നു പഠനം തുടര്‍ന്നു.
വെസ്റ്റ് ബംഗാള്‍ കൗണ്‍സില്‍ ഓഫ് ഹയര്‍സെക്കണ്ടറി എഡ്യൂക്കേഷന്റെ പരീക്ഷ ഒന്നിച്ച് എഴുതുന്നത് നേരത്തേ തന്നെ വാര്‍ത്തയായിരുന്നു. റിസള്‍ട്ടു വന്നപ്പോള്‍ ബിപ്പ് ലാപ്പ് 50 ശതമാനം മാക്കും കല്യാണി 45 ശതമാനം മാര്‍ക്കും നേടി വിജയിച്ചു. പക്ഷേ ബലറാം തോറ്റു. എന്നാല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷ നല്‍കാനാണ് ബലറാമിന്റെ തീരുമാനം. അതില്‍ പാസ്സായില്ലെങ്കില്‍ ഒന്നു കൂടി എഴുതാനും ബാലറാം തയ്യാറാണ്.
പരീക്ഷ ജയിച്ച അമ്മയും മകനും ഉപരിപഠനത്തിനായി ഒരുങ്ങുകയാണ്. ബിരുദത്തിന് ഒരേ വിഷയം തന്നെ പഠിക്കാനാണ് ഇവര്‍ വീണ്ടും തയ്യാറെടുക്കുന്നത്. എന്തായാലും അടുത്ത തവണ അച്ഛനെ വിജയിപ്പിച്ചെടുക്കുമെന്ന വാശിയിലാണ് മകന്‍ ബിപ്പ് ലാപ്പ്.