ആയുര്‍വേദം, ടൂറിസം: ചെക്ക് റിപ്പബ്ലിക്കും കേരളവും സഹകരിക്കും

ആയുര്‍വേദം, ടൂറിസം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ ചെക്ക് റിപ്പബ്ലിക് താല്‍പ്പര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ചെക്ക് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക, പാര്‍ലമെന്റ് ഡപ്യൂട്ടി സ്പീക്കര്‍ റദേക് വൊന്‍ഡ്രാസെക്, ചെക്ക് പാര്‍ലമെന്റിന്റെ ഹെല്‍ത്ത്‌കെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. റോസ്റ്റിസ്ലാവ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണ. മുഖ്യമന്ത്രിയുടെ ചേംബറില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വി എസ് സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ എന്നിവരും പങ്കെടുത്തു.

കേരളവുമായി കൂടുതല്‍ സഹകരിക്കുന്നതിന്റെ നാന്ദിയായി ചെക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ വിസ ഓഫീസ് തിരുവന്തപുരത്ത് തുറക്കുമെന്ന് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക അറിയിച്ചു. കൊച്ചിയില്‍ ഇപ്പോള്‍ വിസ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ രണ്ട് വിസ ഓഫീസുള്ള ഏക സംസ്ഥാനമായിരിക്കും കേരളമെന്ന് അദ്ദേഹം പറഞ്ഞു. വിസ ഓഫീസ് തിരുവന്തപുരത്ത് തുറക്കാനുള്ള തീരുമാനത്തിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

ആയുര്‍വേദ ചികിത്സയില്‍ കേരളത്തിന്റെ മികവ് ലോകം അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനാളുകള്‍ ഓരോ വര്‍ഷവും ചികിത്സക്ക് കേരളത്തില്‍ എത്തുന്നുണ്ട്. പാരമ്പര്യവൈദ്യം എന്നതില്‍ നിന്ന് ശാസ്ത്രീയമായ അടിത്തറയുള്ള വൈദ്യശാസ്ത്ര ശാഖയായി ആയുര്‍വേദം വികസിച്ചിട്ടുണ്ട്. ആയുര്‍വേദ വിദ്യാഭ്യാസത്തിന് പ്രത്യേക കോഴ്‌സുകളും മെഡിക്കല്‍ കോളേജുകളും പ്രവര്‍ത്തിക്കുന്നു. ഗുണനിലവാരം ഉറപ്പക്കാന്‍ ഡയരക്ടറേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്.

പ്രധാനമന്ത്രിയുടെ കൂടി താല്‍പ്പര്യം കണക്കിലെടുത്താണ് ലോക നിലവാരത്തിലുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടും ഗവേഷണ കേന്ദ്രവും തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിദേശത്തുനിന്ന് വരുന്ന സഞ്ചാരികളില്‍ ഒരു പങ്ക് ആയുര്‍വേദ ചികിത്സയും കഴിഞ്ഞാണ് തിരിച്ചുപോകുന്നത്. രോഗചികിത്സ എന്ന നിലയില്‍ മാത്രമല്ല, രോഗ പ്രതിരോധത്തിലും ആയുര്‍വേദം ഏറെ ഫലപ്രദമാണ്. പാര്‍ശ്വഫലങ്ങളില്ല എന്നതാണ് അതിന്റെ മറ്റൊരു മേന്മ. ചെക്ക് റിപ്പബ്ലിക് പോലെ കേരളവും പ്രകൃതി മനോഹരമാണ്. ടൂറിസം രംഗത്ത് ഇരുകൂട്ടര്‍ക്കും സഹകരിക്കാന്‍ കഴിയും.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന പോലെ പരിസ്ഥിതി സൗഹൃദമായ വ്യവസായ മേഖലകളിലും ചെക്കുമായി സഹകരിക്കാന്‍ കേരളത്തിന് താല്‍പ്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിര്‍ദേശങ്ങളോട് ക്രിയാത്മകമായാണ് ചെക്ക് സംഘം പ്രതികരിച്ചത്. സൗരോര്‍ജം പോലെ പാരമ്പര്യേതര ഊര്‍ജത്തിന്റെ രംഗത്തും സഹകരണമാവാമെന്ന് ചെക്ക് പ്രതിനിധികള്‍ അറിയിച്ചു. മുഖ്യമന്ത്രി അതിനെ സ്വാഗതം ചെയ്തു.