മനിലയിലെ കാസിനോയില്‍ വെടിവെയ്പ്: 36 പേര്‍ കൊല്ലപ്പെട്ടു

മനില: ഫിപ്പീന്‍സിലെ മനിലയില്‍ കാസിനോയ്ക്കു നേരെ ആയുധധാരിയായ അക്രമി നടത്തിയ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെ കാസിനോയിലെത്തിയ അക്രമി അവിടെയുണ്ടായിരുന്ന ടെലിവിഷനുകള്‍ വെടിവച്ചു തകര്‍ത്തു. തുടര്‍ന്ന് കാസിനോയിലെ മേശകള്‍ക്ക് തീയിട്ട അക്രമി സ്വയം തീകൊളുത്തി മരിക്കുകയും ചെയ്തു. ഇയാളുടെ മൃതദേഹം ഹോട്ടലിലെ മുറിയില്‍നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവം ഭീകരാക്രമണമല്ലെന്നും മോഷണശ്രമമാണെന്നും പൊലീസ് അറിയിച്ചു. കാസിനോ മേശകള്‍ക്ക് തീപിടിച്ചുണ്ടായ പുക ശ്വസിച്ചാണ് അധികംപേരും മരിച്ചത്. ആരെയും വെടിവച്ചു കൊല്ലുന്നതിന് അക്രമി ശ്രമിച്ചില്ലെന്നും അവിടെയുണ്ടായിരുന്നവ മോഷ്ടിക്കാനായിരുന്നു ശ്രമമെന്നും പൊലീസ് വ്യക്തമാക്കി.

ന്യൂപോര്‍ട്ട് സിറ്റിയിലെ റിസോര്‍ട്ട് വേള്‍ഡ് മനിലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഹോട്ടലിന്റെ ഗെയിമിംഗ് ഏരിയയില്‍ കടന്ന തോക്കുധാരി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.